റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗം ഇന്ന് തുടങ്ങും
Reserve Bank

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗം ഇന്ന് തുടങ്ങും. ഇന്ന് മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യോഗം മറ്റന്നാൾ അവസാനിക്കും.ആർബിഐ തുടർച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് ഉയർത്തിയേക്കും. പണപ്പെരുപ്പം പിടിച്ചുനിർത്താനാണിത്. ഓഗസ്റ്റ് 5 വെള്ളിയാഴ്ച ധനനയ ഫലം പ്രഖ്യാപിക്കും. 25 മുതൽ 50 ബേസിസ് പോയിന്റ് വരെ വർധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ രണ്ട് പണ നയ യോഗത്തിലുമായി 90 ബേസിസ് പോയിന്റ് ആർബിഐ വർദ്ധിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ പണപ്പെരുപ്പം മെയ് മാസത്തെ 7.04 ശതമാനവുമായി താരതമ്യം ചെയ്താൽ ജൂണിൽ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ അപ്പോഴും ആർബിഐയുടെ ഉയർന്ന പരിധിയായ 6 ശതമാനത്തിന് മുകളിൽ തന്നെയാണ് പണപ്പെരുപ്പം. ഏപ്രിലിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. 7.79 വരെ പണപ്പെരുപ്പം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അപ്രതീക്ഷിത പണ നയ യോഗം ചേർന്ന് ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തി. തുടർന്ന് ജൂണിൽ റിപ്പോ നിരക്ക്  വീണ്ടും 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു. പോളിസി റിപ്പോ നിരക്ക് നിലവിൽ 4.90 ശതമാനം ആണ്.
 

Share this story