എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ സർവീസ് തുടരാം

google news
Air Arabia

മുംബൈ: സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ (Air India) പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ തുടരാം എന്നറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ  58 വയസ്സാണ്. 

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പൈലറ്റുമാരെ 65 വയസ്സ് വരെ ജോലി ചെയ്യാൻ അനുവദിക്കുന്നുണ്ട്. മിക്ക എയർലൈൻ കമ്പനികളും പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ പ്രയോജനപ്പെടുത്താറുണ്ട്. 

  നിലവിൽ എയർ ഇന്ത്യ ജീവനക്കാർക്ക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എയർലൈനിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലനം ലഭിച്ച പൈലറ്റുമാരെ ആവശ്യമുള്ളതിനാൽ വിരമിക്കലിന് ശേഷം കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്ക് കൂടി പൈലറ്റുമാരുടെ സർവീസ് ദീർഘിപ്പിക്കാൻ  എയർ ഇന്ത്യ പദ്ധതിയിടുന്നു. 

ഇതിനായി, രണ്ട് വർഷത്തിനുള്ളിൽ വിരമിക്കുന്ന പൈലറ്റുമാരുടെ യോഗ്യത പരിശോധിക്കാൻ മാനവ വിഭവശേഷി വകുപ്പ്, ഓപ്പറേഷൻ വിഭാഗം, ഫ്ലൈറ്റ് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന്  എയർ ഇന്ത്യ അറിയിച്ചു. കമ്മിറ്റി  ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകൾ മാനവ വിഭവശേഷി വകുപ്പിന്റെ മേധാവിക്ക് ശുപാർശ ചെയ്യും. 

ആഴ്ചകൾക്ക് മുൻപ് എയർ ഇന്ത്യ വി ആർ എസ് പ്രഖ്യാപിച്ചിരുന്നു. അല്ലെങ്കിൽ 55 വയസ് പൂർത്തിയായവർക്ക് വിആർഎസിന് അപേക്ഷിക്കാനാവും. ഇതിലൂടെ 3000 ജീവനക്കാരെ കുറയ്ക്കാനായിരുന്നു പദ്ധതി. വിമാന ജീവനക്കാരുടെയും ക്ലറിക്കൽ ജീവനക്കാരുടെയും മറ്റും കാര്യത്തിൽ വിആർഎസ് പ്രായപരിധി 40 വയസായി കുറച്ചിട്ടുണ്ട്. വിആർഎസിന് അപേക്ഷിക്കുന്ന യോഗ്യരായവർക്ക് ഒറ്റത്തവണത്തേക്കായി ഒരു എക്സ് ഗ്രാഷ്യ തുക നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. എയർ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്. സിങ്കപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ. 1932 ൽ ടാറ്റ എയർലൈൻസായി ജെആർഡി ടാറ്റയാണ് എയർ ഇന്ത്യയെന്ന വിമാനക്കമ്പനിക്ക് ജന്മം നൽകിയത്. അന്ന് ടാറ്റ എയർലൈൻസ് എന്നായിരുന്നു പേരെങ്കിലും 1946 ൽ എയർ ഇന്ത്യയെന്ന് പുനർനാമകരണം ചെയ്തു. 1953 ൽ കേന്ദ്രസർക്കാർ ഈ വിമാനക്കമ്പനിയെ ദേശസാത്കരിച്ചതോടെയാണ് ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായത്. ദിവസം 20 കോടിയോളം രൂപ നഷ്ടം വരുത്തുന്ന വെള്ളാനയായി മാറിയതോടെയാണ് എയർ ഇന്ത്യയെന്ന ബാധ്യത വിറ്റൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് എയർ ഇന്ത്യയെ കൈമാറാനുള്ള തീരുമാനം ഒക്ടോബർ എട്ടിനാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്. 18000 കോടി രൂപയായിരുന്നു കമ്പനി ക്വോട്ട് ചെയ്ത തുക. ഒക്ടോബർ 11 ന് താത്പര്യ പത്രം ടാറ്റയ്ക്ക് കൈമാറി. ഒക്ടോബർ 25 ന് ഇരുവരും ഓഹരി കൈമാറ്റ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും എയർ ഇന്ത്യ സാറ്റ്സിലെ 50 ശതമാനം ഓഹരികളുമാണ് ടാലസിന് ലഭിച്ചത്.

Tags