ഒക്ടോബറിൽ പേടി‌എമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപയായി ഉയർന്നു

google news
paytm

മുംബൈ: ഉത്സവ മാസമായ ഒക്ടോബറിൽ പ്രമുഖ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടി‌എമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപയായി ഉയർന്നു. 3.4 ദശലക്ഷം ഇടപാടുകളാണ് പേടിഎം നടത്തിയിരിക്കുന്നത്. വിജയ് ശേഖർ ശർമ്മയുടെ നേതൃത്വത്തിലുള്ള പേടിഎമ്മിന്റെ വായ്പ വിതരണം 2021 ഒക്‌ടോബറുമായി താരതമ്യപ്പെടുത്തുമ്പോൾ 387 ശതമാനം വർദ്ധിച്ചു.

പേടിഎം സൂപ്പർ-ആപ്പിലെ  ശരാശരി പ്രതിമാസ ഇടപാട്  84.0 ദശലക്ഷമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 33 ശതമാനം വർധനവാണ് ഇതിൽ ഉണ്ടായിരുന്നതെന്ന് പേടിഎം ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള വൺ 97 കമ്മ്യൂണിക്കേഷൻസ് വ്യക്തമാക്കി.

ഓഫ്‌ലൈൻ പേയ്‌മെന്റുകളിൽ ഞങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുന്നത് ഞങ്ങൾ തുടരുന്നു,  രാജ്യത്തുടനീളം ഇപ്പോൾ  5.1 ദശലക്ഷത്തിലധികം ഉപാഭോക്താക്കൾ സബ്‌സ്‌ക്രിപ്‌ഷൻ നടത്തിയിട്ടുണ്ടെന്നും റെഗുലേറ്ററി ഫയലിംഗിൽ  പേടിഎം പറഞ്ഞു. ഈ വർഷം ഒക്ടോബറിൽ മർച്ചന്റ് പേയ്‌മെന്റ് 42 ശതമാനം (ജിഎംവി) ഉയർന്ന് 1.18 ലക്ഷം കോടി രൂപയായി.

പേടി‌എമ്മിന്റെ ഏകീകൃത വരുമാനം  1,914 കോടി രൂപയായി ഉയർന്നിരുന്നു. 2021 ൽ ഇത്  1,086.4 കോടി രൂപയായിരുന്നു. വൺ 97 കമ്മ്യൂണിക്കേഷൻസ്  2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 593.9 കോടി രൂപയുടെ ഏകീകൃത നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഉത്സവ മാസമായ ഒക്ടോബറിൽ പേടി‌എമ്മിന്റെ വായ്പ വിതരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടിയിരിക്കുകയാണ്.

ഒക്ടോബറിലെ വായ്പ വിതരണ കണക്കുകൾ പുറത്തുവന്നതോടു കൂടി ഓഹരി വിപണിയിൽ ഇന്ന് പേ ടി എം ഓഹരി മൂല്യം 1.6 ശതമാനം ഉയർന്ന്  ഒരു ഷെയറിന് 643 രൂപ എന്ന നിരക്കിലേക്ക് എത്തി. 

Tags