ടാറ്റ ഗ്രൂപ്പ് ചെയർപേഴ്സൺ എൻ ചന്ദ്രശേഖരനെ പ്രശംസിച്ച് മുകേഷ് അംബാനി

mukesh ambani

മുംബൈ: ടാറ്റ ഗ്രൂപ്പ് ചെയർപേഴ്സൺ എൻ ചന്ദ്രശേഖരനെ പ്രശംസിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. രാജ്യത്തെ ബിസിനസ്സ് സമൂഹത്തിനും യുവാക്കൾക്കും"യഥാർത്ഥ പ്രചോദനം" ആണ് ടാറ്റ ഗ്രൂപ്പ് ചെയർപേഴ്സൺ എൻ ചന്ദ്രശേഖരൻ എന്ന് അംബാനി പറഞ്ഞു.

ഗാന്ധിനഗറിൽ പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയുടെ (പിഡിഇയു) ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ്  ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന ടാറ്റ ഗ്രൂപ്പ് ചെയർപേഴ്‌സണെ മുകേഷ് അംബാനി പ്രശംസിച്ചത്. തന്റെ  സമ്പന്നമായ അനുഭവപരിചയത്തിലൂടെ സമീപ വർഷങ്ങളിൽ ടാറ്റ ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത് ചന്ദ്രശേഖരനാണെന്ന് അംബാനി പറഞ്ഞു.

ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പുനരുപയോഗ ഊർജ മേഖലയിൽ ടാറ്റ ഗ്രൂപ് വലിയ ചുവടാണ് വെച്ചതെന്ന് അംബാനി ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ടതും ശോഭനവുമായ ഭാവിയിലേക്ക് നമ്മെ നയിക്കാൻ പുതിയ ഊർജ്ജ സാങ്കേതികവിദ്യകളുടെ കഴിവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെയാണ് ഈ ചുവടുകൾ പ്രതിഫലിപ്പിക്കുന്നത് എന്ന് അംബാനി കൂട്ടിച്ചേർത്തു.

ഇന്ത്യ ഒരു പുനരുപയോഗ ഊർജ ശക്തികേന്ദ്രമായി മാറണമെങ്കിൽ, ഒരു ദേശീയ സഖ്യത്തിന്റെ ധാർമ്മികതയോടെ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് മുക്‌സേഹ് അംബാനി പറഞ്ഞു. പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റി സർവകലാശാലയുടെ ബോർഡിന്റെപ്രസിഡന്റും ചെയർമാനുമാണ് മുകേഷ് അംബാനി.
 

Share this story