25 വർഷം കൊണ്ട് ഇന്ത്യ 40 ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകും : മുകേഷ് അംബാനി

google news
mukesh ambani

ന്യൂഡൽഹി : അടുത്ത 25 വർഷം കൊണ്ട് ഇന്ത്യ 40 ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്ന് റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 2047 ആകുമ്പോഴേക്കും സാമ്പത്തിക അടിസ്ഥാനത്തിൽ ഇന്ത്യ 13 മടങ്ങ് വളർച്ച കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പ്രധാന ശക്തിയാവുക ക്ലീൻ എനർജി വിപ്ലവമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ ഭാവിയെ കുറിച്ച് ഗൗദം അദാനിയേക്കാൾ പ്രതീക്ഷയാണ് മുകേഷ് അംബാനിക്കുള്ളത്. അദാനിയുടെ വിലയിരുത്തൽ പ്രകാരം 2050 ഓടെ ഇന്ത്യ 30 ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയായാണ് മാറുക. സാമൂഹിക-സാമ്പത്തിക രംഗത്ത് വരുന്ന വലിയ മാറ്റം ഇതിന് ശക്തിയേകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

നിലവിൽ 3 ലക്ഷം കോടി ഡോളർ വലിപ്പമുള്ള രാജ്യമാണ് ഇന്ത്യ. 40 ലക്ഷം കോടി ഡോളർ വലിപ്പമുള്ള രാജ്യമായി മാറുകയെന്നത് ഇന്ത്യയ്ക്ക് മുന്നിലുള്ള വലിയ ലക്ഷ്യമാണ്. ആ കാലത്ത് ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായിരിക്കുമെന്നും മുകേഷ് അംബാനി പറയുന്നു. 2047 ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറ് വർഷങ്ങൾ പിന്നിടുകയും ചെയ്യും. ഈ നിലയിൽ മുകേഷ് അംബാനിയുടെ വാക്കുകൾ ഇന്ത്യാക്കാർക്ക് വലിയ പ്രതീക്ഷയാണ്.

Tags