'മൂൺലൈറ്റിങ്'; വിപ്രോയിൽ 300 ജീവനക്കാരെ പിരിച്ചുവിട്ടു

google news
wipro

മുംബൈ: ഇരട്ടജോലിയുമായി ബന്ധപ്പെട്ട് വിപ്രോ ഇതുവരെ 300 പേരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ചെയര്‍മാന്‍ റിഷാദ് പ്രേംജി. വിപ്രോയ്‌ക്കൊപ്പം ഏതാനും മാസങ്ങളായി മത്സരത്തിലുള്ള കമ്പനികള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയവരെയാണ് പിരിച്ചുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

'മൂണ്‍ലൈറ്റിങ്' (ഇരട്ടജോലി) സമ്പ്രദായം ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ നാഷണല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ റിഷാദ് ആവര്‍ത്തിച്ചു.

ഒരു സ്ഥാപനത്തിലെ സ്ഥിരം ജോലിക്കൊപ്പം സമാനമായ മറ്റൊരു സ്ഥാപനത്തില്‍ കൂടി ജോലിയെടുക്കുന്ന 'മൂണ്‍ലൈറ്റിങ്' സമ്പ്രദായത്തെ വിപ്രോയ്ക്ക് പുറമേ പ്രധാനപ്പെട്ട ഐ.ടി. കമ്പനികളും ശക്തമായി എതിര്‍ക്കുന്നുണ്ട്. അതേസമയം, ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മകളും പുതുനിര സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇതിനെ പിന്തുണച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വീട്ടിലിരുന്നുള്ള ജോലിക്കു പ്രചാരം വന്നതോടെയാണ് ഐ.ടി. മേഖലയിലെ ജീവനക്കാരന്‍ സ്വന്തം നിലയ്ക്ക് മറ്റു കമ്പനികളുടെ കരാര്‍ ജോലിയോ സേവനങ്ങളോ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന രീതി കൂടിയതെന്നാണ് വിലയിരുത്തല്‍. 

Tags