ജെറ്റ് എയർവേയ്‌സിലെ 10 ശതമാനം ജീവനക്കാരെ ശമ്പളമില്ലാതെ അവധിയ്ക്ക് അയച്ച് ജെകെസി

Jet Airways

ന്യൂഡൽഹി : ജെറ്റ് എയർവേയ്‌സിലെ 10 ശതമാനം ജീവനക്കാരെ ശമ്പളമില്ലാതെ അവധിയ്ക്ക് അയച്ച് ജലൻ-കൽറോക്ക് കൺസോർഷ്യം (ജെകെസി). കൂടാതെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. തിരിച്ചു വരവിനൊരുങ്ങുന്ന ജെറ്റ് എയർവേസിന്റെ പ്രവർത്തനങ്ങൾ വൈകും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ജെറ്റ് എയർവേയ്‌സിന്റെ തിരിച്ചു വരവ് വൈകുന്നത്.

മിഡ്-സീനിയർ ലെവൽ ജീവനക്കാരുടെ ഒരു വിഭാഗത്തോട് 50 ശതമാനം വരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അതേസമയം താഴ്ന്ന ഗ്രേഡുകളിലെ ജീവനക്കാർ, ക്യാബിൻ ക്രൂ അംഗങ്ങൾ, പൈലറ്റുമാർ എന്നിവരെ ഇത് ബാധിച്ചിട്ടില്ല. താൽകാലിക ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെങ്കിലും ആരെയും പിരിച്ചു വിടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്

ഒക്ടോബറോടെ പ്രവർത്തനം  പുനരാരംഭിക്കാൻ പദ്ധതിയിട്ടിരുന്നു  എയർലൈൻ നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. നിലവിൽ എയർലൈനിൽ ഏകദേശം 250 ജീവനക്കാരുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കളുടെ കൺസോർഷ്യത്തിൽ നിന്നും പണം ലഭിക്കാൻജലൻ-കൽറോക്ക് കൺസോർഷ്യം നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ (എൻസിഎൽഎടി) സമീപിച്ചു.

ഒരു കാലഘട്ടത്തിൽ രാജ്യത്തെ ഏറ്റവും ജനപ്രിയമായ എയർലൈനുകളിൽ ഒന്നായിരുന്ന ജെറ്റ് എയർവേസ്. കടക്കെണിയിലായ ജെറ്റ് എയർവേസ് 2019 ൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.  നരേഷ് ഗോയലിൻറെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയർവെയ്സ് ഏറ്റെടുക്കാനായി എത്തിഹാദ് ഉൾപ്പടെയുള്ള വിദേശ എയർവേയ്സുകൾ ചർച്ചകൾ നടത്തിയിരുന്നു.  കടം കയറിയ കമ്പനി ഏറ്റെടുക്കാൻ ഒടുവിൽ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു. ജലാൻറെ കമ്പനിയും കൽറോക്കും ചേർന്നുള്ള കൺസോർഷ്യമാണ് ജെറ്റ് എയർവേസിനെ ഇപ്പോള്‍ നയിക്കുന്നത്. 

Share this story