ക്രെഡിറ്റ് കാർഡ് : കർശന വ്യവസ്ഥകളുമായി റിസർവ് ബാങ്ക്
Creditcard

സവിശേഷതകളും പ്രയോജനങ്ങളും പലതുള്ള സാമ്പത്തിക സേവനമാണ്  ക്രെഡിറ്റ് കാർഡുകൾ. എന്നാൽ ഇടപാടുകളിൽ വരുന്ന ചെറിയ വീഴ്ചകൾ പോലും നമുക്കു താങ്ങാനാകാത്ത സാമ്പത്തികബാധ്യതകൾ ഉണ്ടാക്കും. തൊട്ടാൽ പൊള്ളുന്ന പലിശനിരക്കുകളും ഉയർന്ന പിഴകളും മറ്റും കാർഡുടമകളെ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ കടക്കെണിയിലേക്ക് തള്ളിവിടുന്നതു കാണാം.

സാമ്പത്തിക സേവനങ്ങൾ എന്ന നിലയിൽ ക്രെഡിറ്റ് കാർഡുകളുടെയും ഡെബിറ്റ് കാർഡുകളുടെയും ഇടപാടുകൾ നിയന്ത്രിച്ചുകൊണ്ട് സമഗ്ര നിബന്ധനകൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവുകളുടെ ഉള്ളടക്കം കാർഡുടമകൾക്ക് ആശ്വാസമാകും. ക്രെഡിറ്റ് കാർഡുകളെ സംബന്ധിച്ച് 2015ൽ റിസർവ് ബാങ്ക് ഇറക്കിയ നിബന്ധനകളെക്കാൾ വിപുലവും ക്ലിപ്തതയുള്ളവയുമാണ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള സമഗ്ര നിയമങ്ങൾ.

കൊള്ളപ്പലിശയ്ക്ക്  കടിഞ്ഞാൺ

വായ്പകൾക്ക് ഈടാക്കാവുന്ന പലിശനിരക്കുകൾ സംബന്ധിച്ചുള്ള റിസർവ് ബാങ്ക് ഉത്തരവുകളുടെ ചുവടുപിടിച്ചായിരിക്കണം ക്രെഡിറ്റ് കാർഡുകളിൽ ബാക്കി നിൽക്കുന്ന തുകയ്ക്ക് ഈടാക്കുന്ന പലിശനിരക്കുകൾ.

ഈടുരഹിത വായ്പകൾക്ക് പരമാവധി ചുമത്താവുന്ന പലിശനിരക്കുകളും മറ്റ് ചാർജുകളും കാർഡ് വിൽക്കുന്ന സ്ഥാപനങ്ങളുടെ ബോർഡ് കൂടി തീരുമാനമെടുക്കണം.  മാത്രമല്ല, ബാധ്യതകൾ ഭാഗികമായി തിരിച്ചടയ്ക്കുമ്പോൾ ഉൾപ്പെടെ കാർഡുടമകളിൽനിന്നു പിരിച്ചെടുക്കുന്ന പലിശയുൾപ്പെടെയുള്ള ചെലവുകൾ എത്രയൊക്കെയാണെന്ന് ഉദാഹരണസഹിതം സ്പഷ്ടമാക്കിയിരിക്കണം.

മാസം തോറും 3.54 മാത്രം എന്ന് ഒഴുക്കൻ മട്ടിൽ പറയാതെ `ആനുവലൈസ്ഡ് പെർസന്റേജ് റേറ്റ്’ അഥവാ വാർഷിക നിരക്ക് എത്രയെന്നാണ് അറിയിക്കേണ്ടത്. `ആജീവനാന്ത സൗജന്യ കാർഡ്’ എന്ന് കൊട്ടിഘോഷിക്കുന്ന അതേ പ്രാധാന്യത്തോടെ തന്നെ വാർഷിക പലിശനിരക്കും എത്രയെന്ന് കാർഡുടമയെ ധരിപ്പിക്കണം. കച്ചവട സ്ഥാപനങ്ങളിലെ ഇടപാട്, ഓൺലൈൻ ഇടപാടുകൾ തുടങ്ങി വ്യത്യസ്ത ഉപയോഗങ്ങളിലും ബാലൻസ് ട്രാൻസ്ഫർ, നേരിട്ട് പണം പിൻവലിക്കൽ, ചുരുങ്ങിയ തുക മാത്രം തിരിച്ചടയ്ക്കൽ, പണമടയ്ക്കാൻ കാലതാമസം ഇത്യാദി സന്ദർഭങ്ങളിലെല്ലാം ബാങ്കുകൾ ചുമത്താൻ പോകുന്ന വാർഷിക പലിശനിരക്ക് എത്രയെന്ന് കാർഡുടമയ്ക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വ്യക്തമാക്കണം.

സ്റ്റേറ്റ്മെന്റുകളിലും വ്യക്തത വേണം

വ്യത്യസ്ത കമ്പനികളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകൾ വിവിധ തരത്തിലാണ് തരുന്നത്. മിക്കപ്പോഴും എത്ര തുക ബാക്കി ഉണ്ടായിരുന്നെന്നോ എത്ര ദിവസത്തേക്കാണ് പലിശ ഈടാക്കിയതെന്നോ മനസ്സിലാക്കാനാകാതെ രീതിയിൽ കൂട്ടിക്കുഴയ്ക്കുന്ന രീതിയിലാണ് സ്റ്റേറ്റ്മെന്റുകൾ ലഭിക്കുക. എല്ലാ മാസത്തെയും സ്റ്റേറ്റ്മെന്റുകളിൽ പലിശ കണക്കാക്കിയ രീതി വിശദമാക്കിയിരിക്കണമെന്നാണ് റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നത്.

പണം തിരിച്ചടയ്ക്കേണ്ട തീയതി കഴിഞ്ഞ് സ്റ്റേറ്റ്മെന്റുകൾ നൽകുന്ന അടവുനയം വരുമാനം വർധിപ്പിക്കാനുള്ള തന്ത്രമായി ചില കാർഡ് കമ്പനികളെങ്കിലും പ്രയോഗിക്കുന്നുണ്ട്. തിരിച്ചടയ്ക്കേണ്ട തീയതിയുടെ രണ്ടാഴ്ച മുൻപെങ്കിലും സ്റ്റേറ്റ്മെന്റ് എത്തിച്ചിരിക്കണം.  

സ്റ്റേറ്റ്മെന്റിൽ  തെറ്റുകൾ ഉണ്ടായാൽ

ഉപയോഗിച്ചിട്ടില്ലാത്ത അവസരങ്ങളിൽ പോലും സ്റ്റേറ്റ്മെന്റുകളിൽ തുകകൾ ചേർത്ത് പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്ന സന്ദർഭങ്ങൾ പരാതികൾക്ക് ഇടവരുത്തിയിട്ടുണ്ട്. തങ്ങളുടേതല്ലാത്ത ബാധ്യതകൾ സ്റ്റേറ്റ്മെന്റുകളിൽ ഉൾപ്പെടുത്തിയാൽ അവയ്ക്കെതിരെ   കാർഡുടമയ്ക്ക് തർക്കം ഉന്നയിക്കാം. പരാതി നൽകി 30 ദിവസത്തിനുള്ളിൽ തർക്കമുന്നയിച്ച തുകകൾ സംബന്ധിച്ച തെളിവ് കാർഡ് കമ്പനി നൽകേണ്ടതാണ്.  തർക്കങ്ങളിൽ തീരുമാനമാകുന്നതുവരെ ചാർജ് നൽകാൻ കാർഡുടമയ്ക്ക് ബാധ്യതയുമില്ല.

ദുരുപയോഗങ്ങൾക്കെതിരെ ഇൻഷുറൻസ്

ക്രെഡിറ്റ് കാർഡുകൾ പൊതുവെയും ഡെബിറ്റ് കാർഡുകൾ പ്രത്യേകിച്ചും ദുരുപയോഗങ്ങൾക്ക് വിധേയമാക്കപ്പെടാറുണ്ട്. കാർഡിന്റെ വിവരങ്ങൾ ചോർത്തിയെടുത്ത് പണം തട്ടിയെടുക്കുന്ന വ്യത്യസ്ത വഞ്ചനകളിൽപ്പെടുമ്പോൾ കാർഡുടമയിൽനിന്ന് നിഷ്കരുണം പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്നതിന് ഇനി പരിഹാരമാകും.  

കാർഡുകൾ നഷ്ടപ്പെടുക, കാർഡ് ഉപയോഗിച്ചിട്ടുള്ള വഞ്ചന, തട്ടിപ്പ് തുടങ്ങിയ സന്ദർഭങ്ങളിൽ കാർഡുടമയ്ക്ക് പണം നഷ്ടപ്പെടാതെ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് പുതിയ മാസ്റ്റർ സർക്കുലറിൽ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Share this story