ഡിജിറ്റൽ ബാങ്കിങ് മേഖലയിലേക്ക് പുതിയ ചുവടുവെയ്പുമായി എയർടെൽ പേയ്‌മെന്റ്‌സ് ബാങ്ക്

google news
airtel

ന്യൂഡൽഹി : ഡിജിറ്റൽ ബാങ്കിങ് മേഖലയിലേക്ക് പുതിയ ചുവടുവെയ്പുമായി എയർടെൽ പേയ്‌മെന്റ്‌സ് ബാങ്ക്. ഉപഭോക്താക്കൾക്ക് ഫെയ്‌സ് ഓതന്റിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ബാങ്ക്. ഇതിലൂടെ വളരെ എളുപ്പം ഉപഭോക്താക്കൾക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. ഈ സൗകര്യം നൽകുന്ന രാജ്യത്തെ ആദ്യത്തെ പേയ്‌മെന്റ് ബാങ്കാണ് എയർടെൽ പേയ്‌മെന്റ് ബാങ്ക്.

ഫേസ് ഓതന്റിക്കേഷൻ ഇ-കെവൈസി ഏറ്റെടുത്ത് അക്കൗണ്ട് തുറക്കാൻ അനുവദിക്കുന്നത്  ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റുമാരെ സഹായിക്കും. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതുതായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇ-കെവൈസി നൽകേണ്ടത്. ഇങ്ങനെ വരുമ്പോൾ അനാവശ്യ പേപ്പർ വർക്കുകൾ ഒഴിവാക്കുകയും ബിസിനസ് കറസ്‌പോണ്ടന്റിന് അക്കൗണ്ട് തുറക്കാൻ സ്മാർട്ട്‌ഫോൺ മാത്രമേ ആവശ്യമുണ്ടാകുകയുള്ളു.  വർഷം അവസാനത്തോടെ ബാങ്ക് അതിന്റെ എല്ലാ ബാങ്കിംഗ് പോയിന്റുകളിലും ഈ സൗകര്യം ലഭ്യമാക്കും.

ഞങ്ങളുടെ ഡിജിറ്റൽ സേവനങ്ങളെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്നതിലും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട് എന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്ന് എയർടെൽ പേയ്‌മെന്റ്സ് ബാങ്ക് എംഡിയും സിഇഒയുമായ അനുബ്രത ബിശ്വാസ് പറഞ്ഞു. യുഐഡിഎഐയുടെ സഹായത്തോടെ മികച്ച രീതിയിൽ ഇ-കെവൈസി സംവിധാനം കൊണ്ടുവരാൻ സാധിച്ചുവെന്നും ബാങ്കിംഗിന്റെ ഉന്നമനത്തിനായുള്ള ഒരു വലിയ ചുവടുവയ്പ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 500,000 ബാങ്കിംഗ് പോയിന്റുകളുടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും ശക്തമായ ശൃംഖലയാണ് എയർടെൽ പേയ്‌മെന്റ് ബാങ്ക്. ലളിതവും സുരക്ഷിതവും സൗകര്യപ്രദവുമായ ബാങ്കിംഗ് സേവനങ്ങൾ നല്കാൻ ബാങ്ക് ശ്രമിക്കുന്നു. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഓരോ ഇന്ത്യക്കാരന്റെയും പടിവാതിൽക്കൽ എത്തിക്കുന്നതിലൂടെ ഡിജിറ്റൽ ഇന്ത്യ എന്ന ഗവൺമെന്റിന്റെ കാഴ്ചപ്പാടിലേക്ക് സംഭാവന നൽകുന്നതിൽ എയർടെൽ പേയ്‌മെന്റ് ബാങ്ക് വലിയ പങ്ക് വഹിക്കുന്നു.
 

Tags