വിമാന യാത്രക്കാര്‍ക്കായി മെഗാ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ
air asia

വിമാന യാത്രക്കാര്‍ക്കായി മെഗാ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. 50 ലക്ഷം സൗജന്യ വിമാന ടിക്കറ്റുകളാണ് യാത്രക്കാര്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ മാസം 19നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പ്പന ഈ മാസം 25ാം തിയതി വരെ തുടരും.

2023 ജനുവരി 1 മുതല്‍ 2023 ഒക്ടോബര്‍ 28 വരെയുള്ള സമയത്തേക്കാണ് ഈ ഓഫര്‍ നല്‍കുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ മലേഷ്യന്‍ എയര്‍ലൈനാണ് എയര്‍ ഏഷ്യ. എയര്‍ ഏഷ്യയുടെ ആപ്പില്‍ നിന്നോ വെബ്‌സൈറ്റുകളില്‍ നിന്നോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ആപ്പിലും വെബ്‌സൈറ്റിലും യാത്രാ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

ലങ്കാവി, പെനാംഗ്, ജോഹോര്‍ ബഹ്‌റു, ക്രാബി, ഫു ക്വോക്ക്, സിംഗപ്പൂര്‍ തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളുടെ ടിക്കറ്റുകള്‍ ഈ ഓഫര്‍ വഴി സൗജന്യമായി ലഭിക്കും. ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത്, ഓക്ക്‌ലാന്‍ഡ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ഏഷ്യ എക്‌സ്, തായ് എയര്‍ഏഷ്യ എക്‌സ് എന്നീ ദീര്‍ഘദൂര എയര്‍ലൈനുകളിലും ഈ സൗജന്യ ഓഫര്‍ ലഭ്യമാണ്.


 

Share this story