മൂന്നര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 100 വ്യവസായ പാര്‍ക്കുകള്‍: മന്ത്രി പി രാജീവ്
p rajeev

സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ വരുന്ന മൂന്നര വര്‍ഷത്തിനുള്ളില്‍ 100 വ്യവസായ പാര്‍ക്കുകളെന്ന ലക്ഷ്യം സംസ്ഥാനം കൈവരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി ഡെവലപ്പ് പെര്‍മിറ്റ് വിതരണം തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 4 സ്ഥാപനങ്ങള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. നിലവില്‍ സമര്‍പ്പിക്കപ്പെട്ട 24 അപേക്ഷകരില്‍ നിന്ന് 11 എണ്ണം സംസ്ഥാനതല കമ്മിറ്റിക്ക് മുന്നില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. സ്വകാര്യ എസ്റ്റേറ്റുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലതാമസം നേരിടാതിരിക്കുന്നതിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

15 ഏക്കറിനു മുകളിലാണ് നിര്‍ദ്ദിഷ്ട ഭൂമിയെങ്കില്‍ ഭൂപരിഷ്‌ക്കരണ നിയമത്തിനനുസൃതമായ ഇളവുകള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി റവന്യൂ വകുപ്പ് മന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെ അല്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ കമ്മിറ്റി പരിശോധിച്ച് ശേഷം ക്യാബിനറ്റിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കും. സംരംഭകന് ആത്മവിശ്വാസം നല്‍കുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഇന്‍കലിന്റെ സഹകരണം ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

വ്യവസായത്തിന് അനുയോജ്യമായ പത്ത് ഏക്കറോ അതിലധികമോ വരുന്ന ഭൂമിയുള്ള ചെറുകിട സംരംഭകരുടെ കൂട്ടായ്മകള്‍, സഹകരണ സ്ഥാപനങ്ങള്‍, കൂട്ടുടമ സംരംഭകര്‍, കമ്പനികള്‍ മുതലായവര്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. കുറഞ്ഞത് അഞ്ച് ഏക്കര്‍ വ്യവസായ ഭൂമിയുള്ളവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ സ്ഥാപിക്കാനാകും. ഏക്കര്‍ ഒന്നിന് 30 ലക്ഷം രൂപ എന്ന നിരക്കില്‍ പരമാവധി 3 കോടി രൂപ വരെയുള്ള ധനസഹായമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ഡ്രയിനേജ്, മറ്റ് പൊതുസൗകര്യങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതിന്റെ ചെലവ് കണക്കാക്കിയാണ് ധനസഹായം നല്‍കുന്നത്.

ഡെവലപ്പര്‍ പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തോടെ പാര്‍ക്കുകള്‍ നിര്‍മിച്ച് ആവശ്യക്കാരായ സംരംഭകര്‍ക്ക് സ്ഥലം അനുവദിക്കുവാന്‍ സാധിക്കും. അപ്രകാരം സ്വകാര്യ വ്യവസായ എസ്റ്റേറ്റില്‍ സ്ഥലം ലഭ്യമായ നിക്ഷേപകര്‍ക്ക് സങ്കീര്‍ണ്ണതകള്‍ ഇല്ലാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു സാധിക്കും.

സമാന സ്വഭാവമുള്ള വ്യവസായങ്ങള്‍ക്ക് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സംരഭകര്‍ക്ക് സഹായങ്ങള്‍ക്ക് 1153 ഇന്റേണുകളുടെ സേവനം നിലവില്‍ ലഭ്യമാണ്. സംരംഭകരുടെ പരാതി പരിഹാരത്തിന് ടോള്‍ ഫ്രീ നമ്പറുകളും, സഹായങ്ങള്‍ക്ക് വിദഗ്ദ്ധ പാനലിന്റെ സഹായവും ലഭ്യമാകും. സംസ്ഥാനത്ത് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

Share this story