ഊര്‍ജ സംരക്ഷണവാരം: ഇലക്ട്രിക് ബഗ്ഗി പുറത്തിറക്കി ടെക്നോപാര്‍ക്ക്
തിരുവനന്തപുരം: ദേശീയ ഊര്‍ജ സംരക്ഷണ വാരത്തോടനുബന്ധിച്ച് ടെക്നോപാര്‍ക്കില്‍ ഇലക്ട്രിക് ബഗ്ഗി പുറത്തിറക്കി. ഫേസ് വണ്‍ ക്യാമ്പസിലാണ് 14 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബഗ്ഗി പ്രവര്‍ത്തനമാരംഭിച്ചത്. പരിസ്ഥിതി സൗഹൃദമായ സുസ്ഥിര ഗതാഗത രീതികളിലേയ്ക്ക് മാറേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതാണ് ടെക്നോപാര്‍ക്കിന്‍റെ ഈ ഉദ്യമം.
ടെക്നോപാര്‍ക്ക് സിഎഫ്ഒ ശ്രീമതി ജയന്തി എല്‍ ഇലക്ട്രിക് ബഗ്ഗി ഫ്ളാഗ് ഓഫ് ചെയ്തു. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), പ്രോജക്ട്സ് ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണ്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ടെക്നോപാര്‍ക്കിലെ എഞ്ചിനീയറിംഗ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയറായ അല്‍ഫിയ എസ് ആദ്യമായി ഈ വാഹനം ഓടിച്ചു.
പരിസ്ഥിതി സംരക്ഷണമടക്കം ടെക്നോപാര്‍ക്കില്‍ നടപ്പാക്കുന്ന സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച്ച കൂടിയാണിത്. പ്രക്യതി സൗഹൃദമായ ഈ ഇലക്ട്രിക് ബഗ്ഗി ഊര്‍ജസംരക്ഷണ ആശയം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഫേസ് വണ്‍ ക്യാമ്പസിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗത സംവിധാനം ലഭ്യമാക്കുന്നു.