പേരുമാറ്റി ഇന്നോവ ഈ വീട്ടുമുറ്റങ്ങളിലേക്ക്, ലക്ഷ്യം ഇതാണ്!
innova

ഇന്ത്യയ്ക്കും മറ്റ് ദക്ഷിണേഷ്യൻ വിപണികൾക്കും വേണ്ടി പുതിയ തലമുറ ഇന്നോവ എംപിവിയെ അവതരിപ്പിക്കാൻ ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട തയ്യാറെടുക്കയാണ് എന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. 2022 നവംബറിൽ ഇന്തോനേഷ്യൻ വിപണിയിൽ 2023 ടൊയോട്ട ഇന്നോവ വിൽപ്പനയ്‌ക്കെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  ഔദ്യോഗിക ടൊയോട്ട ഡീലർമാര്‍ പുതിയ ഇന്നോവ ബുക്കിംഗും തുടങ്ങിക്കഴിഞ്ഞു. 

2023 ടൊയോട്ട ഇന്നോവയ്ക്ക് ഏകദേശം  400 ദശലക്ഷം മുതൽ 600 ദശലക്ഷം ഇന്തോനേഷ്യൻ രൂപ (ഏകദേശം 21.33 ലക്ഷം മുതൽ 31.98 ലക്ഷം വരെ ഇന്ത്യൻ രൂപ) വില വരുമെന്ന് ഇന്തോനേഷ്യയിൽ നിന്നുള്ള ടൊയോട്ട ഡീലര്‍മാര്‍ പറയുന്നു.  2023 ടൊയോട്ട ഇന്നോവ ഹൈബ്രിഡ് ജി, വി, വെഞ്ചറർ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭിക്കും. ഹൈബ്രിഡ് പവർട്രെയിൻ സഹിതമാണ് പുതിയ ഇന്നോവ വാഗ്ദാനം ചെയ്യുന്നത്.

സി-എച്ച്ആർ ഹൈബ്രിഡ്, കൊറോള ക്രോസ് ഹൈബ്രിഡ്, ആൽഫാർഡ് ഹൈബ്രിഡ്, കൊറോള ആൾട്ടിസ് ഹൈബ്രിഡ് എന്നിവയുൾപ്പെടെ ടൊയോട്ടയുടെ മറ്റ് ഹൈബ്രിഡ് കാറുകൾക്കൊപ്പം പുതിയ ഇന്നോവ ഹൈബ്രിഡ് ചേരും. 2023 ടൊയോട്ട ഇന്നോവ ഹൈബ്രിഡും അടുത്ത വർഷം ആദ്യം നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്ക് എത്തും. ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കിടയിൽ വളരെ പ്രചാരമുള്ള നിലവിലുള്ള ഇന്നോവയ്‌ക്കൊപ്പം ഇത് വിൽക്കും. പടിഞ്ഞാറൻ ജാവയിലെ കരവാങ്ങിലുള്ള ടൊയോട്ട മോട്ടോർ മാനുഫാക്ചറിംഗ് ഇന്തോനേഷ്യ ഫാക്ടറിയിലാണ് പുതിയ ഇന്നോവ നിർമ്മിക്കുന്നത്.

ഇന്തോനേഷ്യൻ-സ്പെക്ക് മോഡലിനെ പുതിയ ഇന്നോവ സെനിക്സ് എന്ന് വിളിക്കുമെന്നാണ് റിപ്പോർട്ട്. ഇന്നോവ സെനിക്‌സ് നെയിംപ്ലേറ്റ് രണ്ട് വർഷം മുമ്പ് ഇന്തോനേഷ്യയിൽ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ (ടിഎംസി) രജിസ്റ്റർ ചെയ്‍തിരുന്നു. അതേസമയം , ഇന്ത്യ-സ്പെക്ക് മോഡലിനെ പുതിയ ഇന്നോവ ഹൈക്രോസ് എന്ന് വിളിക്കും. 

പുതിയ തലമുറ ടൊയോട്ട ഇന്നോവ, നിലവിലുള്ള ലാഡർ-ഫ്രെയിം ഷാസി ആൻഡ് RWD ലേഔട്ടിന് പകരം ഫ്രണ്ട് വീൽ ഡ്രൈവ് സജ്ജീകരണമുള്ള പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് 2860 എംഎം നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും. ഇത് നിലവിലുള്ള മോഡലിനേക്കാൾ 100 എംഎം നീളം അധികം ഉണ്ട്. ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കാൻ ഇത് സഹായിക്കും. പുതിയ ഇന്നോവയുടെ ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിൽ ഇലക്ട്രിക് മോട്ടോറും ഇലക്ട്രിക് ബാറ്ററിയും ഉള്ള പെട്രോൾ എഞ്ചിനും ഉൾപ്പെടും. MPV 2.0L പെട്രോൾ ഹൈബ്രിഡ് സിസ്റ്റം അല്ലെങ്കിൽ 1.8L ഹൈബ്രിഡ് സജ്ജീകരണത്തോടെ വരാൻ സാധ്യതയുണ്ട്. ഉയർന്ന 'സ്റ്റെപ്പ്-ഓഫ്' ടോർക്കിനും ഇന്ധനക്ഷമതയ്ക്കുമായി ഇരട്ട-മോട്ടോർ സജ്ജീകരണം അടങ്ങുന്ന ടിഎച്ച്എസ് II (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം II) യുടെ പ്രാദേശികവൽക്കരിച്ച പതിപ്പ് കമ്പനിക്ക് ഉപയോഗിക്കാം.

ടൊയോട്ടയുടെ ADAS സിസ്റ്റമായ ടൊയോട്ട സേഫ്റ്റി സെൻസ് (ടിഎസ്എസ്) സ്യൂട്ടിനൊപ്പം പുതിയ ഇന്നോവ സെനിക്‌സ് വരുമെന്ന് ചില മുൻ മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു . ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, കാൽനടയാത്രക്കാരെ കണ്ടെത്താനുള്ള പ്രീ-കൊളിഷൻ സിസ്റ്റം, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, റോഡ് സൈൻ അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീമുകൾ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. ഫാക്ടറിയിൽ ഘടിപ്പിച്ച ഇലക്ട്രിക് പനോരമിക് സൺറൂഫും ഇതിലുണ്ടാകും.

Share this story