ക്വിക്ക് ലീസ് 1000 ഇലക്ട്രിക് ത്രീ-വീലറുകള്‍ വിതരണം ചെയ്യാനായൊരുങ്ങുന്നു

quiklys

മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ  വാഹന ലീസിങ്, സബ്സ്ക്രിപ്ഷന്‍ ബിസിനസായ ക്വിക്ക് ലീസ് 1000 വൈദ്യുത ത്രിചക്ര വാഹനങ്ങള്‍ വിതരണം ചെയ്യാനായി  അഞ്ചു പ്രമുഖ കമ്പനികളുമായി ധാരണാ പത്രം ഒപ്പു വെച്ചു.  വൈദ്യുത വാഹന ലീസിങ് രംഗത്ത് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് രാജ്യത്തുടനീളം അടുത്ത ആറു മാസങ്ങളില്‍ ഇവ വിതരണം ചെയ്യും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  ചരക്കു നീക്കവും വിതരണവും ആയി ബന്ധപ്പെട്ടാവും ഈ വൈദ്യുത ത്രിചക്ര വാഹനങ്ങള്‍ പ്രധാനമായും ഉപയോഗിക്കുക എന്നും ക്വിക്ക് ലീസ് അറിയിച്ചു. 

വൈദ്യുത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഊര്‍ജ്ജിതമായിട്ടുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മഹീന്ദ്ര ഫിനാന്‍സ് സിഒഒ റൗള്‍ റെബെല്ലോ പറഞ്ഞു.  2070 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം നേടാന്‍ സഹായിക്കുന്നതാണ് തങ്ങളുടെ ഈ നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥായിയായ യാത്രാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇവിടെ പ്രകടമാകുന്നതെന്ന്  സീനിയര്‍ വൈസ് പ്രസിഡന്‍റും ക്വിക്ക് ലീസ് മേധാവിയുമായ മുഹമ്മദ് ടൂറ പറഞ്ഞു.

2021ല്‍ ആണ് മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ  മഹീന്ദ്ര ആന്‍ഡ്  മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സ്/ എംഎംഎഫ്എസ്എല്‍) ക്വിക്ക്ലീസ് എന്ന പേരില്‍ പുതിയ ലീസിങ്, സബ്‍സ്‍ക്രിപ്ഷന്‍ സംരംഭം അവതരിപ്പിച്ചത്. ഇത് വാഹനങ്ങള്‍ പാട്ടത്തിനും (ലീസ്) വരിസംഖ്യ (സബസ്‍ക്രിപ്ഷന്‍) അടിസ്ഥാനത്തിലും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ്. രാജ്യത്തെ വിവിധ നഗരങ്ങളിലെ വാഹന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങളും ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

വാഹന ഉപഭോക്താക്കള്‍ക്ക് ഒരു വാഹനം സ്വന്തമാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി പുതിയ വാഹനം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റല്‍ സംരംഭമാണ് ക്വിക്ക്ലീസ് എന്ന് കമ്പനി പറയുന്നു. വാഹന രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, മുന്‍കൂട്ടി തീരുമാനിച്ചതും അപ്രതീക്ഷിതവുമായ അറ്റകുറ്റപ്പണികള്‍, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ കാര്യങ്ങള്‍ ക്വിക്ക്ലീസ് ഏറ്റെടുക്കും. വ്യക്തികളുടെ പേരില്‍ വെളുത്ത നമ്പര്‍ പ്ലേറ്റും ആര്‍സി ബുക്കും ലഭിയ്ക്കും. ബി2ബി വിഭാഗത്തിന് കീഴില്‍ ഫ്ളീറ്റ് ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കും,  പുതുതലമുറ ഉപഭോക്താക്കളെയാണ് ബി2സിയില്‍ ലക്ഷ്യമിടുന്നത്.

Share this story