ഒലയുടെ ആദ്യ ഇലക്ട്രിക് കാർ ഈ സ്വാതന്ത്ര്യ ദിനത്തിൽ അവതരിപ്പിക്കും
ola

ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനമായ ഈ ഓഗസ്റ്റ് 15-ന്  ഒല ഇലക്ട്രിക് അവരുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കാൻ സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പുതിയൊരു ട്വീറ്റിലൂടെ ഒല സിഇഒ ഭവീഷ് അഗര്‍വാള്‍ സൂചന നല്‍കിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. “ഈ ഓഗസ്റ്റ് 15 ന് ഒരു പുതിയ ഉൽപ്പന്നം പ്രഖ്യാപിക്കുന്നതിൽ വളരെ ആവേശമുണ്ട്! ഞങ്ങളുടെ ഭാവിയിലെ വലിയ പദ്ധതികളെക്കുറിച്ച് കൂടുതൽ പങ്കിടും!!” ഇതായിരുന്നു ഭവീഷ് അഗര്‍വാളിന്‍റെ ട്വീറ്റ്.

ഈ വർഷം ജൂണിൽ, ഒല പുതിയ കാറിന്‍റെ ടീസര്‍ പുറതത്തുവിട്ടരുന്നു. ഈ ടീസര്‍ അനുസരിച്ച് ചുവന്ന ആക്‌സന്റുകളുള്ള മിനുസമാർന്ന DRL-കൾ കാണിക്കുന്നു. ഒലയുടെ ലോഗോ പതിപ്പിച്ച കാറിന്റെ മുന്നിലും പിന്നിലും ഡിസൈനും വ്യക്തമാകുന്നു. ദീർഘദൂര ബാറ്ററി പായ്ക്കോടുകൂടിയ കൂപ്പെ-ഇഷ് റൂഫ് ലൈനോടുകൂടിയ നാല് ഡോർ സെഡാനാണ് ഇലക്ട്രിക് കാർ.

ഇലക്‌ട്രിക് ഫോർ വീലറുകൾ നിർമ്മിക്കുന്നതിനായി ഒരു പുതിയ ഫാക്ടറി നിർമ്മിക്കുന്നതിന് 1,000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഒല ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കുന്ന ഹൊസൂർ ആസ്ഥാനമായുള്ള നിലവിലെ ഫാക്ടറിയുടെ ഇരട്ടി വലുപ്പമുള്ളതായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ വിപണിയിൽ ഒരു ഇലക്ട്രിക് സ്‌പോർട്‌സ് കാർ വികസിപ്പിക്കുന്നതിനെക്കുറിച്ച് മുമ്പ് തന്നെ ഓല ഇലക്ട്രിക് സൂചന നൽകിയിരുന്നു. വരാനിരിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറിനെക്കുറിച്ച് സിഇഒ ഭവിഷ് അഗർവാൾ തന്നെ ഈ ജൂലൈയിലും സ്ഥിരീകരണം നടത്തിയിരുന്നു. ട്വിറ്റര്‍ പോസ്റ്റിലൂടെ ആയിരുന്നു അന്നും ഭവീഷ് അഗര്‍വാള്‍ ഒലയുടെ പുതിയ ഇലക്ട്രിക്ക് കാറിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്. ഈ ഇലക്ട്രിക് കാർ ഇന്ത്യയിലെ ഏറ്റവും സ്‌പോർട്ടിയായിരിക്കുമെന്നും ഭവീഷ് അഗര്‍വാള്‍ ട്വീറ്റില്‍ അവകാശപ്പെട്ടത്.

"ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും സ്‌പോർട്ടിയായ കാർ ഞങ്ങൾ നിർമ്മിക്കാൻ പോകുന്നു!", കാറിന്റെ സിൽഹൗറ്റിനെ ടീസ് ചെയ്‍തുകൊണ്ട് അഗർവാൾ തന്റെ ട്വീറ്റിൽ പറഞ്ഞു. അതേസമയം ഈ ട്വീറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ഒരു വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു. ഒലയെ അനുകൂലിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തി.

ഓല ഇലക്ട്രിക് ഇന്ത്യയിൽ ഒരു ഇവി വിപ്ലവം കൊണ്ടുവരുന്നു എന്ന് ഒരു ഉപയോക്താവ് എഴുതിയപ്പോൾ ഇത് എക്കാലത്തെയും വലിയ വാർത്തയായിരിക്കും എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. അതേസമയം ചിലര്‍ ആദ്യം നിങ്ങളുടെ സ്‍കൂട്ടർ ശരിയാക്കൂ എന്ന് പറഞ്ഞുകൊണ്ട് ട്വീറ്റില്‍ പരിഹാസവും രേഖപ്പെടുത്തിയതായും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അടുത്തകാലത്തായി സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, തീപിടിത്തം തുടങ്ങി ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ സ്‍കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്‍തിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ഈ കമന്‍റുകള്‍.

കമ്പനി ഇലക്‌ട്രിക് ഫോർ വീലർ, ബാറ്ററി സെല്ലുകളുടെ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അടിത്തറ തേടുന്നതായി മെയ് മാസത്തിൽ റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. ഇവി ഫോർ വീലർ ഫാക്ടറിക്ക് ഏകദേശം 1,000 ഏക്കർ ഭൂമി ആവശ്യമാണ്. 

ഇത് നിലവിൽ എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കുന്ന ഫ്യൂച്ചർ ഫാക്ടറിയുടെ ഇരട്ടിയാണ്. ഒല ഇലക്ട്രിക്കിന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വിരളമാണെങ്കിലും, ഈ കാർ കമ്പനിയുടെ തമിഴ്‌നാട്ടിലെ വരാനിരിക്കുന്ന ഫാക്ടറിയിൽ നിർമ്മിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇലക്ട്രിക് കാറുകള്‍ എപ്പോള്‍ നിരത്തുകളില്‍ എത്തുമെന്ന് ഒല അറിയിച്ചിട്ടില്ലെങ്കിലും 2023-ന്റെ തുടക്കത്തില്‍ നിര്‍മാണം ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. 

Share this story