കുട്ടിമാമ്മന്മാരെ ഞെട്ടിക്കാൻ ഒല ഇലക്ട്രിക് നേപ്പാളിലേക്കും

google news
ola

നേപ്പാളിൽ ഔദ്യോഗികമായി പ്രവേശനം പ്രഖ്യാപിച്ച് ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഒല ഇലക്ട്രിക്ക്. ഇതോടെ മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യ ആസ്ഥാനമായുള്ള നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളുടെ പട്ടികയിലേക്ക് ഒല ഇലക്ട്രിക്കും ചേര്‍ന്നു.  ഒല ഇലക്ട്രിക്കിന്റെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ S1 , S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ നേപ്പാള്‍ വിപണിയില്‍ ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയില്‍ പുറത്തിറക്കിയതിന് ശേഷം ഒല സ്‌കൂട്ടറുകൾ ലഭിക്കുന്ന ആദ്യത്തെ രാജ്യമായി നേപ്പാൾ മാറും. 

ഇവി വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് ഓല എസ് 1 സ്‍കൂട്ടറുകളെ ഇന്ത്യ ഇഷ്ടപ്പെട്ടുവെന്ന് അഗർവാൾ ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ വാഹനത്തെ ആഗോളമായി എടുക്കുകയാണ് എന്നും 2022 അവസാനത്തോടെ നേപ്പാളിലെ ഉപഭോക്താക്കൾ വിപ്ലവത്തിൽ പങ്കാളികളാകും എന്നും ഒല സിഇഒ വ്യക്തമാക്കി. ലാറ്റിന്‍ അമേരിക്കയുടെ (LATAM), അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ASEAN), യൂറോപ്യൻ യൂണിയൻ (EU) എന്നിവിടങ്ങളിലേക്ക് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ കയറ്റുമതി ചെയ്യാൻ ഒല ഇലക്‌ട്രിസിനും ആഗ്രഹമുണ്ടെന്ന് അഗർവാൾ കൂട്ടിച്ചേർത്തു.  

ഇന്ത്യയിൽ അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനികളിലൊന്നാണ് ഒല ഇലക്ട്രിക് എന്നും കമ്പനി പറയുന്നു. 2021 ഓഗസ്റ്റ് 15 ന് ആണ് എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകൾ കമ്പനി പുറത്തിറക്കിയത്. അടുത്തിടെ, ഓല ഇലക്ട്രിക് എസ് 1 സ്‌കൂട്ടറിന്റെ അപ്‌ഡേറ്റ് പതിപ്പും പുറത്തിറക്കി. ഇന്ത്യയിൽ ഒരു തദ്ദേശീയ ബാറ്ററി സെൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി ഇവി നിർമ്മാതാവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആദ്യ ഇലക്‌ട്രിക് കാറുമായി ഉടൻ എത്താനുള്ള പദ്ധതിയും ഒല ഇലക്ട്രിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഒല ഇലക്ട്രിക് അതിന്റെ ഹൈപ്പർചാജർ നെറ്റ്‌വർക്കിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തിയേക്കും. ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിലൂടെ സ്വന്തം ഇവി ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഒല നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് ഒല  തങ്ങളുടെ ഇലക്ട്രിക്സ്‍കൂട്ടറുകൾക്കായി ഈ ചാർജറുകൾ സ്ഥാപിക്കാൻ തുടങ്ങിയത്. വെറും 80 മിനിറ്റിനുള്ളിൽ ഇലക്ട്രിക് സ്‍കൂട്ടറുകൾ 50 ശതമാനം വരെ റീചാർജ് ചെയ്യാൻ ഈ ഇവി ചാർജറുകൾക്ക സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വർഷം അവസാനത്തോടെ ഇന്ത്യയിലുടനീളം ഏകദേശം 4,000 ഹൈപ്പർചാർജറുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായും ഒല അറിയിച്ചിരുന്നു.

അതേസമയം ഇന്ത്യയില്‍ ഓൺലൈൻ പർച്ചേസിംഗ് സൗകര്യം കൂടാതെ രാജ്യത്തുടനീളം എക്സ്പീരിയൻസ് സെന്ററുകൾ ആരംഭിക്കാൻ ഒല ഇലക്ട്രിക് ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാൾ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള 20 എക്സ്പീരിയൻസ് സെന്ററുകൾ ഇതിനകം തുറന്നിട്ടുണ്ടെങ്കിലും, അടുത്ത വർഷം മാർച്ചോടെ ഇത്തരത്തിലുള്ള 200 സൗകര്യങ്ങൾ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിയുടെ ഷോറൂമുകളുടെ ചിത്രങ്ങളും അഗർവാൾ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്.  അവിടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 

അതേസമയം കമ്പനിയെ സംബന്ധിച്ച മറ്റൊരു വാര്‍ത്തയില്‍ 2022 ഓഗസ്റ്റ് മാസത്തിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇലക്ട്രിക്ക് ടൂ വീലര്‍ വില്‍പ്പനയില്‍ ഒല ഇലക്ട്രിക്കിനെ ഏഥര്‍ എനര്‍ജി മറികടന്നിരുന്നു.  2021-2022 ന്റെ ആദ്യ അവസാന രണ്ട് പാദങ്ങളിൽ വിൽപ്പനയിൽ കുത്തനെ വർദ്ധനവിന് സാക്ഷ്യം വഹിച്ച ഒല ഇലക്ട്രിക്കിന്, കഴിഞ്ഞ രണ്ട് മാസങ്ങളിൽ വിൽപ്പന ഗണ്യമായി കുറഞ്ഞു. ഓല ഇലക്ട്രിക്കിന് ഓഗസ്റ്റിൽ 3,421 യൂണിറ്റ് എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടർ വിതരണം ചെയ്യാൻ കഴിഞ്ഞു, ജൂലൈയിൽ ഇത് 3,862 യൂണിറ്റായിരുന്നു. ഈ വർഷം ഏപ്രിലിൽ 12,000 യൂണിറ്റുകള്‍ ഒല വിറ്റഴിച്ചിരുന്നു എന്നത് കണക്കിലെടുക്കുമ്പോൾ വിൽപ്പനയിലെ ഈ ഇടിവ് വളരെ വലുതാണ്. 

Tags