നിരത്തുകളില്‍ നെക്സോണ്‍ പ്രളയം, എതിരാളികള്‍ മുങ്ങിത്താഴുന്നു
sssh

രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സിന്‍റെ മുഖച്ഛായ തന്നെ മാറ്റിയ വാഹനമാണ് ടാറ്റാ നെക്സോണ്‍. 2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ അന്ന് പുറത്തിറക്കിയത്. മൂന്നരവർഷത്തോളം എടുത്തായിരുന്നു ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപകല്‍പ്പന ചെയ്‍ത് അവതരിപ്പിച്ചത്. 17 ലക്ഷം കിലോമീറ്റര്‍ പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തിയും മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചും സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റിയുമൊക്കെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമായിരുന്നു നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.  എത്തി അഞ്ചുവര്‍ഷം തികയുമ്പോള്‍ നിരത്തിലും വിപണിയിലും സൂപ്പര്‍ഹിറ്റായ നെക്സോണ്‍ ഇപ്പോഴിതാ ഉല്‍പ്പാദനത്തില്‍ ഒരു നിര്‍ണ്ണായക നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. 

നിരത്തില്‍ നാലുലക്ഷം യൂണിറ്റ് നെക്സോണുകള്‍ എന്ന നേട്ടമാണ് ടാറ്റ മോട്ടോഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നെക്‌സോൺ എസ്‌യുവിയുടെ 400,000-ാമത്തെ യൂണിറ്റ് പുറത്തിറക്കിയതായി കമ്പനി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച പൂനെയിലെ ടാറ്റയുടെ രഞ്ജൻഗാവ് പ്ലാന്റില്‍ നിന്നാണ് നാഴികക്കല്ല് പിന്നിട്ട ഈ നെക്സോണ്‍ യൂണിറ്റ് പുറത്തിറങ്ങിയത്. ടാറ്റ നെക്‌സോൺ ഇന്ത്യൻ കാർ നിർമ്മാതാക്കളിൽ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ്. കൂടാതെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനങ്ങളുടെ പ്രതിമാസ പട്ടികയിൽ ആവർത്തിച്ച് ഇടംപിടിക്കുകയും ചെയ്യുന്നു.

2017 സെപ്റ്റംബറിൽ ആദ്യമായി എത്തിയ നെക്‌സോൺ , ഇപ്പോഴും ചെറിയ സബ് കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിൽ ഒരു മികച്ച വില്‍പ്പനക്കാരനാണ്. ആദ്യ കാലത്ത് അതിന്‍റെ പ്രധാന മത്സരം മാരുതി സുസുക്കി വിറ്റാര ബ്രെസയ്ക്ക് എതിരെ ആയിരുന്നു. എന്നാൽ അതിനുശേഷം ഹ്യുണ്ടായ് വെന്യു , മഹീന്ദ്ര XUV300, കിയ സോനെറ്റ് എന്നിവ ഉൾപ്പെടുന്ന വർദ്ധിച്ചുവരുന്ന എതിരാളികളിൽ നിന്ന് വെല്ലുവിളി നേരിടേണ്ടിവന്നു.

മൂന്നുലക്ഷം യൂണിറ്റിൽ നിന്ന് നാല് ലക്ഷത്തിലേക്ക് എത്താൻ ഈ മോഡലിന് വെറും ഏഴ് മാസം മാത്രമേ സമയമെടുത്തുള്ളൂ. സെയിൽസ് ചാർട്ടുകളിൽ ഒന്നാമതെത്തി 72 ശതമാനം വളർച്ച രേഖപ്പെടുത്തി അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഉയർന്നുവരുന്ന നെക്‌സോൺ, ഇന്ത്യൻ വാഹന വാങ്ങുന്നവർക്കിടയിൽ ഏറ്റവും ഇഷ്‍ടപ്പെട്ട എസ്‌യുവിയാണെന്ന് കമ്പനി പറയുന്നു. ഇന്ത്യൻ കാർ വിപണിയിൽ നെക്‌സോണിന് കരുത്ത് പകരുന്ന ചില ഘടകങ്ങൾ, മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ജോടിയാക്കിയ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് വാഗ്‍ദാനം ചെയ്യുന്നു എന്നതാണ്. ഏകദേശം  7.50 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) നെക്‌സോണിന്റെ വിലയും ഒരു പ്രധാന ഘടകമാണ് . 

എന്നാൽ വിലനിർണ്ണയം, ഫീച്ചറുകൾ, ലുക്ക്, എഞ്ചിൻ ഓപ്ഷനുകൾ എന്നിവ ഒരു കാർ മോഡലിന്റെ വിജയം നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നതിന് ഒപ്പം സുരക്ഷിത വാഹനം എന്ന പേര് സ്വയം സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നതും നെക്‌സോണിന് ഗുണകരമായി. നിരത്തില്‍ എത്തിയതിനു തൊട്ടുപിന്നാലെ ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തി നെക്‌സോൺ.  2018ല്‍ ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്.  

2017 ഓഗസ്റ്റിൽ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ച ടാറ്റ നെക്‌സോൺ നാല് സ്റ്റാറാണ് ആദ്യം നേടിയത്. പിന്നാലെ എക്കാലത്തെയും ഉയർന്ന പോയിന്റുകൾ നേടുന്നതിനായി 2018ല്‍ വാഹനത്തെ വീണ്ടും പരീക്ഷിക്കുകയായിരുന്നു. അങ്ങനെ നെക്‌സോണിന് 17-ൽ 16.06 പോയിന്‍റുകളും ലഭിച്ചു. അതോടെ വാഹനം അഞ്ച് സുരക്ഷാ സ്റ്റാറും സ്വന്തമാക്കി. അത് ഇന്ത്യന്‍ വാഹന ചരിത്രത്തില്‍ നാഴികക്കല്ലായിരുന്നു. കാരണം ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ച ഏതൊരു കാറും നേടിയ ഏറ്റവും ഉയർന്ന റേറ്റിംഗായിരുന്നു ഇത്. ക്രാഷ് ടെസ്റ്റില്‍ മാത്രമല്ല, പല അപകടങ്ങളെയും അതിജീവിച്ച ഈ വാഹനത്തിന്റെ സുരക്ഷ അരക്കിട്ട് ഉറപ്പിച്ചിട്ടുള്ളതാണ്. നെക്സോണ്‍ ഉടമകള്‍ തന്നെ ഇക്കാര്യം പലതവണ തുറന്നുപറഞ്ഞിട്ടുമുണ്ട്. 

Share this story