ഒഴിയാബാധയായി മഹീന്ദ്രയെ പിന്തുടര്‍ന്ന് ഈ കോപ്പിയടി കേസ്
mahindra

ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2018 മാര്‍ച്ചില്‍ ആണ് അമേരിക്കന്‍ നിരത്തിലെ തങ്ങളുടെ ആദ്യ വാഹനം റോക്‌സറിനെ ഔദ്യോഗികമായി അവതരിപ്പിച്ചത്. ഐക്കണിക്ക് ബ്രാന്‍ഡായ ജീപ്പിന്‍റെ ജന്മദേശമായ അമേരിക്കയില്‍ ജീപ്പിന്‍റെ മറ്റൊരു രൂപത്തെ ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. പിന്നാലെ ഫിയറ്റ് നിര്‍മിച്ച പഴയകാല ജീപ്പുമായി റോക്സറിനു സാമ്യം ഉണ്ടെന്നു കാണിച്ച് യുഎസ് ഇന്‍റെര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ റോക്സറിനെതിരെ അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ് ഉടമസ്ഥരായ ഫിയറ്റ് ക്രിസ്‍ലര്‍ കമ്പനി പരാതി നല്‍കി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇതുസംബന്ധിച്ച് കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

ഇപ്പോഴിതാ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ പുനർരൂപകൽപ്പന ചെയ്‍ത റോക്‌സർ ഓഫ് റോഡ് വാഹനങ്ങളുടെ യുഎസ് വിൽപ്പന ശാശ്വതമായി തടയാനുള്ള രണ്ടാമത്തെ അവസരം ഫിയറ്റ് ക്രിസ്‌ലറിന് ലഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  മഹീന്ദ്രയുടെ 2020-ന് ശേഷമുള്ള റോക്‌സറുകൾ ഉപഭോക്തൃ ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യത ഇല്ലെന്ന് കണ്ടെത്തിയപ്പോൾ ഡെട്രോയിറ്റ് ഫെഡറൽ കോടതി തെറ്റായ മാനദണ്ഡം പ്രയോഗിച്ചതായി ആറാമത്തെ യുഎസ് സർക്യൂട്ട് കോടതി ഓഫ് അപ്പീൽ പറഞ്ഞു.

അതേസമയം കേസിന്‍റെ ഫലം മുൻ വിധികളുമായി യോജിക്കുമ്പോള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് മഹീന്ദ്രയുടെ വക്താവ് പറഞ്ഞു. എന്നാല്‍ ഫിയറ്റ് ക്രിസ്‌ലറിന്റെ മാതൃ കമ്പനിയായ സ്റ്റെല്ലാന്‍റിസ് എൻവി പുതിയ സംഭവ വികാസത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.

2020-ന് മുമ്പുള്ള റോക്‌സറുകൾ വിൽക്കുന്നതിൽ നിന്ന് ഡെട്രോയിറ്റ് ഫെഡറൽ കോടതി മഹീന്ദ്രയെ നേരത്തെ തടഞ്ഞിരുന്നു. എന്നാൽ അതിന്റെ പുനർരൂപകൽപ്പന ചെയ്‍ത ഓഫ്-റോഡ്-ഒൺലി വാഹനത്തിന്റെ വിൽപ്പന തടയാനുള്ള ശ്രമം നിരസിച്ചു. റോക്‌സർ ഫിയറ്റ് ക്രിസ്‌ലറിന്റെ ട്രേഡ്‌മാർക്ക് അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്ന ഐടിസി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു യുഎസ് ജില്ലാ ജഡ്‍ജി ഗെർഷ്‌വിൻ ഡ്രെയിനിന്‍റെ തീരുമാനം.

2020 ജനുവരിയിലാണ് പുതുക്കിയ റോക്സറിനെ അമേരിക്കന്‍ വിപണിയില്‍ മഹീന്ദ്ര വീണ്ടും അവതരിപ്പിക്കുന്നത്.  ജനപ്രിയ വാഹനം ഥാറിന്‍റെ അടിസ്ഥാനത്തിലാണ് റോക്‌സറിന്‍റെ നിര്‍മ്മാണം. നിയമപ്രശ്‍നങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കയിലുള്ള ജീപ്പില്‍ നിന്ന് പല മാറ്റങ്ങളും റോക്‌സറില്‍ മഹീന്ദ്ര നേരത്തെ തന്നെ വരുത്തിയിരുന്നു.  എന്നാല്‍, ഈ വാഹനത്തിന് അമേരിക്കയിലെ നിരത്തുകളില്‍ ഇറങ്ങാനുള്ള അനുമതി നല്‍കിയിട്ടില്ല. ഓഫ് റോഡ് വാഹനമായാണ് റോക്‌സര്‍ അമേരിക്കയിലെത്തിയിട്ടുള്ളത്. 

ഡിസൈനില്‍ വലിയ മാറ്റങ്ങളുമായിട്ടായിരുന്നു റോക്‌സറിന്റെ രണ്ടാം വരവ്. 1970കളിലെ ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് റോക്‌സറിനു നല്‍കിയിരിക്കുന്നത്.  വിവാദമായ ഏഴ് സ്ലാറ്റ് ഗ്രില്ലിന് പകരം എഫ്‌ജെ ക്രൂയിസറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗ്രില്ലും ഹെഡ്‌ലൈറ്റിന് ചുറ്റലും മെറ്റല്‍ സ്ട്രാപ്പും, ഓഫ് റോഡ് ബമ്പറും, 16 ഇഞ്ച് ടയറുകളും നല്‍കിയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ മാറ്റിയിരിക്കുന്നത്. 

Share this story