അമ്പിളിക്ക് കൂട്ടായി കുഞ്ഞ് ചന്ദ്രന്‍; മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കം
തിരുവനന്തപുരം: ഇനി ആകാശത്ത് അമ്പിളിക്ക് കൂട്ടായി കുഞ്ഞമ്പിളിയെ കാണാം. അർജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്റെ ഭാഗമാണ് ഈ കുഞ്ഞ് ചന്ദ്രന്‍. ഇനിയുള്ള രണ്ട് മാസക്കാലത്തെ ചുറ്റൽ കഴിഞ്ഞ് നവംബർ 25-ന് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മടങ്ങുന്ന മിനി മൂൺ 2055-ൽ ഭൂമിക്കടുത്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
'2024 PT5'എന്ന് പേരുള്ള ഛിന്നഗ്രഹത്തിനെയാണ് മിനി മൂൺ എന്ന് വിളിക്കുന്നത്. ഒരു സ്കൂൾ ബസിന്‍റെ വലിപ്പം മാത്രമുള്ള ഈ ഛിന്നഗ്രഹം 57 ദിവസത്തേക്ക് മാത്രമേ ഭൂമിയെ ചുറ്റുകയുള്ളൂ. കഴിഞ്ഞ ദിവസം അടുത്തുകൂടെ കടന്നുപോയ ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം ബലമായി പിടിച്ചെടുക്കുകയായിരുന്നു. നവംബർ അവസാനത്തോടെ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഗുരുത്വാകർഷണത്തില്‍ നിന്ന് അകലുകയും ബഹിരാകാശ വിദൂരതയിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്യും.
വെറും 10 മീറ്റർ വ്യാസമുള്ള 2024 പിടി5 ഛിന്നഗ്രഹം ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തിരിക്കുഞ്ഞനാണ്. ഈ ഛിന്നഗ്രഹത്തെ പ്രത്യേക ഉപകരണങ്ങളില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താനാകില്ല. ഇതിന് മുൻപും ഛിന്നഗ്രഹങ്ങൾ ഭൂമിയോടടുത്തെത്തിയ സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഭൂമിയെ ഭ്രമണം ചെയ്യുന്നത് അപൂര്‍വമാണ്. 1981ലും 2022ലുമാണ് സമാന മിനി മൂണ്‍ പ്രതിഭാസങ്ങള്‍ മുമ്പ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.