ബുദ്ധി വെയില് കൊള്ളിക്കല്ലേ... ഓടുകൊണ്ട് സൂപ്പർ ഫർണിച്ചറുകൾ തീർത്ത് ആർക്കിടെക്ട് മനോജ് പട്ടേൽ

google news
architectmanojpattel

ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന ഫർണിച്ചറുകൾ മുതൽ നിസ്സാരമെന്നു നമ്മൾ കരുതുന്ന നിത്യോപയോഗ സാധനങ്ങൾ വരെ വീടിന്റെ ലുക്ക് തന്നെ മാറ്റും.എന്നുള്ളത് ഒരു വസ്തുത തന്നെയാണ്. ഇപ്പോഴിതാ വീടിനു മേൽക്കൂര ഒരുക്കാൻ ഉപയോഗിക്കുന്ന കളിമണ്ണിൽ നിർമ്മിച്ച ഓടുകൾകൊണ്ട് ഫർണിച്ചറുകൾ ഉണ്ടാക്കി വ്യത്യസ്തനാവുകയാണ് ഗുജറാത്ത് സ്വദേശിയായ ആർക്കിടെക്ട് മനോജ് പട്ടേൽ.

വീടിനു പുറത്തിടുന്ന ഫർണിച്ചറുകൾ നിർമ്മിക്കാൻ കല്ലും മെറ്റലുമൊക്കെയാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. എന്നാൽ ചൂടുകാലത്ത് ഇവ ഉപയോഗിക്കുക ഏതാണ്ട് അസാധ്യമാണെന്നുതന്നെ പറയാം. ഇതിനൊരു ബദൽമാർഗം കണ്ടുപിടിക്കണമെന്ന ചിന്തയ്ക്ക് ഒടുവിലാണ് കളിമണ്ണുകൊണ്ടുള്ള ഓട് പരീക്ഷിക്കാൻ മനോജ് തീരുമാനിച്ചത്.

manojpattel

കളിമണ്ണ് ഉപയോഗിച്ചുള്ള വസ്തുക്കൾ ഏറെ ദൃഢതയും ഉറപ്പുമുള്ളവ ആയതിനാലാണ് അതുതന്നെ തിരഞ്ഞെടുത്തത്. അങ്ങനെ സുഹൃത്തുക്കളുമായി ചേർന്ന് ഓടുകൾ വ്യത്യസ്ത ആകൃതികളിൽ സംയോജിപ്പിച്ച് കസേരകളും ബെഞ്ചുകളും സ്റ്റൂളുകളും നിർമ്മിച്ചു. മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് കൃത്യമായ ആകൃതികളിൽ ഫർണിച്ചറുകൾ നിർമ്മിച്ചെടുക്കാനായത്. വീടുനിർമ്മാണത്തിൽ എണ്ണമറ്റ വ്യത്യസ്തതകൾ പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇന്നോളം കളിമണ്ണിൽ നിർമ്മിച്ച ഓടുകൊണ്ട് ഫർണിച്ചറുകൾ ആരും നിർമ്മിച്ചിട്ടുള്ളതായി തനിക്ക് അറിവില്ല എന്ന് മനോജ് പറയുന്നു.

ടേബിൾ ടോപ്പുകളും സ്റ്റൂളുകളും എല്ലാം ഓട് ഉപയോഗിച്ച് ഇവർ നിർമ്മിച്ചെടുക്കുന്നുണ്ട്. എന്നാൽ ഇവയുടെ ഔദ്യോഗിക വിപണനം സംഘം ആരംഭിച്ചിട്ടില്ല. ഫർണിച്ചറുകൾ അടക്കമുള്ളവ വീടുകൾക്കായി ഒരുക്കി നൽകുന്ന ഡിസൈനിങ്, ആർക്കിടെക്ചറൽ കമ്പനികളുമായി ചേർന്നാണ് നിലവിൽ പ്രവർത്തനം. കരകൗശല വിദഗ്ധരുടെ വൈദ്യഗ്‌ധ്യം പരമാവധി ഉപയോഗിച്ചാണ് ഓരോ ഫർണിച്ചറും ഒരുക്കുന്നത്. ഗുണമേന്മ ഉറപ്പുവരുത്താനാകുമെങ്കിലും വലിയ തോതിലുള്ള നിർമ്മാണം ഇപ്പോൾ ആരംഭിക്കുന്നത് എളുപ്പമല്ല എന്ന് അദ്ദേഹം പറയുന്നു.

കളിമണ്ണിൽ നിർമ്മിച്ച ഓടുകളുടെ ദൗർലഭ്യവും ഒരു വെല്ലുവിളിയാണ്. ഒരു പതിറ്റാണ്ടിനിടെ ഓട് നിർമ്മാണശാലകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഒന്നുരണ്ട് വർഷങ്ങളായി പ്രകൃതി സൗഹൃദ വീടുകളുടെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക്  കൂടുതലായി എത്തുന്നതിനാൽ  ഇപ്പോൾ ഓട് നിർമാണത്തിൽ പുരോഗതി ഉണ്ടാകുന്നത് അവ ഉപയോഗിച്ചുള്ള ഫർണിച്ചർ നിർമ്മാണത്തിന് ശുഭ പ്രതീക്ഷ നൽകുന്നുണ്ട്. പ്രകൃതിസൗഹൃദ വീടുകളിൽ സുസ്ഥിരത ഉറപ്പാക്കാനുള്ള ഏറ്റവും മികച്ച  മാർഗ്ഗമാണ് ഓട് ഉപയോഗിച്ചുള്ള ഫർണിച്ചർ എന്നും മനോജ് അഭിപ്രായപ്പെടുന്നു.

Tags