വേനൽ അടുക്കാറായി..ഈ പച്ചക്കറികൾ നടാൻ ഇതാണ് പറ്റിയ സമയം..


വേനൽക്കാലം അടുക്കുന്തോറും വർധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതും ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരുന്നതുമായ പച്ചക്കറികളാണ് ഇപ്പോള്‍ നടേണ്ടത്. തക്കാളി, പച്ചമുളക്, വഴുതന, വെണ്ട തുടങ്ങിയവയെല്ലാം ഈ സമയങ്ങളിൽ നടാവുന്നവയാണ്. ഇനി ഇതെങ്ങനെ നേടാമെന്ന് നോക്കാം..
തക്കാളി
തക്കാളിയുടെ വളർച്ചയ്ക്ക് ചൂടുള്ള കാലാവസ്ഥയാണ് അനുയോജ്യം. തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ് ഉത്തമം.
ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ് ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.

പച്ചമുളക്
ചൂടുള്ളതും വെയിലുള്ളതുമായ കാലാവസ്ഥയിലാണ് പച്ചമുളക് തഴച്ചുവളരുന്നത്. നന്നായി ഉണങ്ങിയ ചാണകപ്പൊടി നല്ല പൊടിയാക്കി മണ്ണില്‍ ചേര്‍ക്കുക. നന്നായി മണ്ണിളക്കയശേഷം വിത്തു പാകുക. ഇവയ്ക്ക് നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുളച്ച് ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാറാകും. തൈകള്‍ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. പത്തു ദിവസത്തിനു ശേഷം കാലിവളം, എല്ലുപൊടി എിന്നിവ നല്കാം. പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നതും നല്ലതാണ്. ചെടികള്‍ക്ക് താങ്ങു നല്കണം.
വഴുതന
ചൂടുള്ള കാലാവസ്ഥയിൽ ഇതിന് വളരാന്‍ സാധിക്കും. തക്കാളി വളര്‍ത്തുന്നതുപോലെ എളുപ്പത്തില്‍ പാത്രങ്ങളിലും ചട്ടികളിലും വഴുതന വളര്‍ത്താൻ പറ്റും. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുബോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക, വെള്ളം ഒഴിച്ച് കൊടുക്കാതെ കൈയ്യില്‍ എടുത്തു കുടയുക.
വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ അല്ലെങ്കില്‍ വഴുതന തൈകള്‍ പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ ഇളക്കിമാറ്റി നടാം. ആരോഗ്യുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ്/ പ്ലാസ്റ്റിക് ചാക്ക് ഇവ ഉപയോഗിക്കാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം. നടുബോള്‍ വേറെ വളം ഒന്ന് പാടില്ല. അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ഇട്ടു കൊടുക്കാം. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുബോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.
വെണ്ട
ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരാന്‍ ഇതിനാവും. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം ഉഴുതു വൃത്തിയാക്കുക. പേപ്പർ ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്. ചകിരി ചോറും മണിര കമ്പോസ്റ്റും മണ്ണും കൂട്ടി കലർത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം.
ദിവസവും ചെറിയ തോതിൽ നന ആവാം. ഒരാഴ്ച കഴിയുമ്പോൾ ഒരു തവണ കൂടി വളം ചെയ്യുക. രണ്ടാഴ്ച കൊണ്ട് ചെടികൾ പറിച്ചു നടാവുന്നതാണ് ഇതിനായി കൃഷി സ്ഥലം ഒരു തവണ കൂടി ഉഴുതു വൃത്തിയാക്കുക. കുഴികൾ തമ്മിൽ 2-3 അടി അകലം ഉണ്ടായാൽ വളരുമ്പോൾ കായ്ഫലം കൂടും.നട്ടു പത്തു ദിവസം കഴിയുമ്പോൾ ആട്ടിൻ കാട്ടമോ ചാണക പൊടിയോ ഇട്ടു മണ്ണ് ഇടേണ്ടതാണ്. ഇത് ചെടികൾക്കിടയിൽ വളരുന്ന പുല്ലുപോലുള്ളവ ഇല്ലാതായിക്കോളും.
ഗ്രോ ബാഗിൽ ആണ് നടുന്നതെങ്കിൽ ഒരു കവറിൽ ഒരു ചെടി വീതം നടേണ്ടതാണ്.
വെള്ളരിക്ക
ചൂടുള്ളതും വെയിലുള്ളതുമായ കാലാവസ്ഥയാണ് വെള്ളരിച്ചെടി ഇഷ്‌ടപ്പെടുന്നത്. രണ്ട് മീറ്റര്‍ അകലത്തിലുള്ള വരികളില്‍ ഒന്നരമീറ്റര്‍ ഇടവിട്ട് തടങ്ങളിലാണ് വിത്ത്‌നടേണ്ടത്. ഓരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ മേല്‍മണ്ണുമായി ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ചതിന് ശേഷം വേണം വിത്തു നടേണ്ടത്. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തുകള്‍ നട്ടാല്‍ മതിയാകും. ഇതു മുളച്ച് മൂന്നോ നാലോ ഇലകള്‍ വന്നതിനു ശേഷം കരുത്തുള്ള മൂന്നു തൈകള്‍ നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുനീക്കേണ്ടതാണ്. നല്ല വിളവു ലഭിക്കണമെങ്കില്‍ ജൈവവളവും രാസവളവും ഒരുപോലെ വെള്ളരിവര്‍ഗ വിളകള്‍ക്കു നല്‍കണം.