റെയിൻ ലില്ലി പൂക്കൾ ധാരാളമായി വളരാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി
മരങ്ങളുടെ ചുറ്റിനും പൂത്തടമൊരുക്കാനും നിലം നിറയ്ക്കാനുമെല്ലാം പറ്റിയതാണ് റെയിൻ ലില്ലി. പച്ചപ്പുൽത്തകിടിക്കു സമാനമായി കൂട്ടത്തോടെ വളർത്താനും വളരെ യോജിച്ചത്. അധികം ആഴമില്ലാത്തതും നല്ല വിസ്താരമുള്ളതുമായ പ്ലാന്റർ ബോക്സുകളിലും കൂട്ടമായി വളർത്താം
നന്നായി വിളഞ്ഞ് ഉണങ്ങിയ കായിൽ നിന്നു ശേഖരിച്ച വിത്തുകൾ കുതിർത്തെടുത്ത മണലിൽ നടാം. തൈകൾ ഉണ്ടായി വന്ന് ചുവട്ടിൽ ബൾബ് പോലുള്ള കിഴങ്ങ് രൂപപ്പെട്ടാൽ മാത്രമേ ചെടി പൂവിടുകയുള്ളൂ. ചട്ടിയിൽ വളർത്താൻ നന്നായി വെള്ളം വാർന്നു പോകുന്ന മിശ്രിതം ഉപയോഗിക്കണം.
ഒരു വർഷത്തിനുമേൽ വളർച്ചയായ ചെടിയുടെ ചുവട്ടിലെ മണ്ണിനടിയിൽ ഉള്ളി പോലുള്ള കിഴങ്ങുകൾ ധാരാളം ഉണ്ടാകും. ഇവ ഓരോന്നും വേരുൾപ്പെടെ വേർപെടുത്തിയെടുത്തു നടാം. ആവശ്യമെങ്കിൽ നടുന്നതിനു മുൻപ് ഇലകൾ എല്ലാം ചുവടെ മുറിച്ചു നീക്കം ചെയ്യാം. ഒപ്പം കേടുവന്ന വേരുകളും. ചെടികൾ 4 ഇഞ്ച് അകലത്തിൽ നടാം. കുഴിക്ക് 2 ഇഞ്ച് ആഴം മതി. കൂടുതൽ ആഴത്തിൽ നട്ടാൽ ചീഞ്ഞു പോകാം. വേഗത്തിൽ ഒരു കൂട്ടമായി വളരാൻ ചെടികൾ തമ്മിൽ അകലം കുറയ്ക്കാം. നടാനായി ഒരേ അളവിൽ ചകിരിച്ചോറും ചുവന്ന മണ്ണും കലർത്തിയതിൽ ജൈവവളം കുടി ചേർത്ത മിശ്രിതമാണു നല്ലത്. ഇത് മണ്ണിനടിയിലുള്ള കിഴങ്ങിൽ നിന്നും ചുറ്റും പുതിയ കിളിർപ്പുകൾ ഉണ്ടാവാൻ ഉപകരിക്കും. കിഴങ്ങിന്റെ ഇല നീക്കം ചെയ്ത തലപ്പ് മണ്ണിനു മുകളിൽ കാണുന്ന വിധത്തിൽ വേണം നടാൻ.
നന്നായി പൂവിടുവാൻ മഴ ആരംഭിക്കുന്നതിനു മുൻപും പിന്നീട് മഴക്കാലത്ത് മാസത്തിൽ ഒരിക്കലെന്ന വിധത്തിൽ മേൽവളമായി എൻ.പി.കെ. 18:18:18 നൽകാം. വേനലിൽ നന്നായി പൊടിച്ചെടുത്ത ചാണകവും മേൽവളമായി ഉപയോഗിക്കാം. നൂതന ഇനങ്ങളിൽ ചിലപ്പോൾ ഇലകൾ മുഴുവനായി കൊഴിഞ്ഞു നിൽക്കാറുണ്ട്. ഈ അവസ്‌ഥയിൽ മണ്ണിലുള്ള കിഴങ്ങു പുറത്തെടുത്ത് കേടായ വേരുകളും ഇലകളും നീക്കം ചെയ്ത ശേഷം പുതിയ മിശ്രിതത്തിലേക്കു മാറ്റി നടണം.