കൂൺകൃഷി കർഷകർക്ക് നല്ല വരുമാനം ലഭ്യമാക്കും: മന്ത്രി പി പ്രസാദ്
ആലപ്പുഴ : കൂൺ കൃഷി കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുമെന്നും കൂൺ വിഷരഹിതമായ നല്ല ഭക്ഷ്യവസ്തുവായി അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൂൺ കൃഷിയെയും അതിൻറെ മൂല്യവർദ്ധക സാധ്യതകളെയും ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ഒരു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വരുമാനം നേടുന്ന കർഷകർ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പ് സ്റ്റേറ്റ്ഹോർട്ടികൾച്ചർമിഷൻ മുഖേന രാഷ്ട്രീയ വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ചേർത്തല കൂൺ ഗ്രാമം സമഗ്ര പദ്ധതിയുടെ ഉദ്ഘാടനം മുഹമ്മയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .
സംസ്ഥാന കൃഷി വകുപ്പ് കൃഷിദർശൻ പരിപാടി വഴി കൃഷിഭൂമിയിൽ നിന്നുകൊണ്ട് 12 ഉത്തരവുകളാണ് ഇറക്കിയത്. കൂൺ കൃഷിയിലൂടെ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ സംസ്ഥാനത്തെ കർഷകരുടെ സാന്നിധ്യത്തിലാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കൂൺ ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനം, കൂൺ കൃഷിക്കൂട്ടങ്ങളുടെ രൂപീകരണ പ്രഖ്യാപനം, കൂൺഗ്രാമം പദ്ധതിയുടെ ലോഗോ പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു. 90,000 മുതൽ 25 ലക്ഷം രൂപ വരെ വരുമാനം നേടുന്ന കൂൺ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആയ കൂൺ പായസം, കൂൺ കട്ലറ്റ്, കൂൺ കേക്ക്, കൂൺ സൂപ്പ് എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്. ചേർത്തലയിൽ നടക്കുന്ന കരപ്പുറം ഫെസ്റ്റിൽ മില്ലറ്റ് ,കൂൺ എന്നിവയുടെ ഭക്ഷ്യമേള സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.കൂൺ വൻകിട ഉത്പാദന യൂണിറ്റിന്റെ ഗുണഭോക്താവായ മുഹമ്മ ആര്യക്കര തോട്ടിറമ്പിൽ ഇന്ദുലേഖയുടെ കൂൺ ഉൽപാദന യൂണിറ്റിൽ ആയിരുന്നു ഉദ്ഘാടന ചടങ്ങ്. കൂൺ കൃഷി സംരംഭകനായ മലപ്പുറം ഔഷധി മഷ്റൂം യൂണിറ്റ് ഉടമ എ കെ ജെഷീർ യോഗത്തിൽ പങ്കെടുത്തു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ ടി റെജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം ചന്ദ്ര,സി ഡി വിശ്വനാഥൻ, ടി എൻ നസീമ ടീച്ചർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി,കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ,വാർഡ് മെമ്പർ നിഷ പ്രദീപ്,കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബി സ്മിത,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയിൽ അംഗങ്ങളാകുന്ന കർഷകർക്ക് പരിശീലനം കൃഷിവകുപ്പ് മുഖേന നൽകും. ഒരു ബ്ലോക്കിൽ 100 ചെറുകിട യൂണിറ്റുകൾ, രണ്ടു വൻകിട യൂണിറ്റുകൾ,മൂന്ന് പ്രിസർവേഷൻ യൂണിറ്റുകൾ,രണ്ട് പാക്ക് ഹൗസുകൾ , 10 കമ്പോസ്റ്റ് യൂണിറ്റുകൾ,ഒരു സ്പോൺ പ്രൊഡക്ഷൻ യൂണിറ്റ് എന്നിവയാണ് അനുവദിക്കുക. ചെറുകിട കൂൺ ഉൽപാദക യൂണിറ്റുകൾക്ക് 11250 രൂപ, വൻകിട കൂൺ ഉൽപാദക യൂണിറ്റുകൾക്ക് 2 ലക്ഷം രൂപ,പാക്ക് ഹൗസുകൾക്ക് രണ്ട് ലക്ഷം രൂപ തുടങ്ങിയ രീതിയിൽ സബ്സിഡിയും ലഭിക്കും. കൂൺ ഗ്രാമം പദ്ധതിയിലേക്ക് ജില്ലയിൽ ചെങ്ങന്നൂരിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.