മഴക്കാല പശു പരിപാലനം; വേണം ശുചിത്വവും ജാഗ്രതയും

cow

കാസർകോട് :  മഴക്കാലത്ത് പശുപരിപാലനത്തില്‍ കൂടുതല്‍ ജാഗ്രയും ശ്രദ്ധയും ആവശ്യമാണ്. തൊഴുത്തില്‍ പൂര്‍ണ്ണ ശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കണം. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോണ്‍ക്രീറ്റ് ചെയ്ത് നികത്തണം. അപകടാവസ്ഥയിലുള്ള തൊഴുത്തുകളില്‍ മതിയായ അറ്റകുറ്റപണികള്‍ നടത്തി സുരക്ഷയുറപ്പാക്കണം. തൊഴുത്തിലേക്ക് ചാഞ്ഞ മരങ്ങളും ശിവരങ്ങളും വെട്ടി അപകടമൊഴിവാക്കണം. ബ്ലീച്ചിങ് പൗഡര്‍ അല്ലെങ്കില്‍ കുമ്മായം വിതറി രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് തൊഴുത്തിലെയും പരിസരത്തെയും വഴുക്കല്‍ കുറയ്ക്കാന്‍ സഹായിക്കും. തൊഴുത്തിനുള്ളിലേക്ക് മഴചാറ്റല്‍ തെറിച്ച് വീഴുന്ന സാഹചര്യമുണ്ടെങ്കില്‍ മേല്‍ക്കൂരയുടെ ചായ്പ്പ് ഒന്നോ രണ്ടോ അടി നീട്ടി നല്‍കാം.

തൊഴുത്തിലും പരിസരത്തും വളക്കുഴിയിലും വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകാനുള്ള സാധ്യത തടയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനി അടക്കമുള്ള കൊതുകജന്യരോഗങ്ങള്‍ മഴക്കാലത്ത് ക്ഷീരകര്‍ഷകരെ വലയ്ക്കുന്നതിന്റെ പ്രധാനകാരണം തൊഴുത്തിന് പരിസരത്ത് പെരുകുന്ന കൊതുകുകളാണ്. അതിരാവിലെ കറവക്കായി തൊഴുത്തിലെത്തുന്ന കര്‍ഷകര്‍ക്ക് കൊതുകകളുടെ കടി ധാരാളമായി ഏല്‍ക്കുകയും രോഗസാധ്യത കൂടുകയും ചെയ്യും. കര്‍ഷകര്‍ക്ക് മാത്രമല്ല പശുക്കള്‍ക്കും ഇവ രോഗങ്ങള്‍ പടര്‍ത്തും. അതിനാല്‍ തൊഴുത്തിന് പരിസരത്തെ കൊതുക് നശീകരണത്തിന് മുന്തിയ പരിഗണന നല്‍കണം.

തൊഴുത്തില്‍ വൈദ്യതി സുരക്ഷ ഉറപ്പാക്കുന്നതില്‍ വരുന്ന അശ്രദ്ധയും ജാഗ്രതക്കുറവും പശുക്കള്‍ക്ക് മാത്രമല്ല ക്ഷീരകര്‍ഷ്‌കനും അപകടമുണ്ടാക്കും. ചെറിയ ക്ഷീര സംരംഭങ്ങളില്‍ വീടുകളില്‍ നിന്ന് അശ്രദ്ധയോടെ വയര്‍ വലിച്ച് തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ലൈറ്റ് ഇടുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വയറിന്റെ ഇന്‍സുലേഷന്‍ വെദ്യുതി വയറുകളുടെ ഇന്‍സുലേഷനും കണക്ഷന്‍ വയറുകളുടെ ക്ഷമതയും പ്രത്യേകം ഉറപ്പാക്കണം. പ്ലാസ്റ്റിക്ക് പൈപ്പിലൂടെ സുരക്ഷ ഉറപ്പാക്കി കൃത്യമായി വയര്‍ വലിക്കാന്‍ ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒരു പരിധി വരെ തടയാം വൈദ്യതാഘാതം ഒഴിവാക്കാന്‍ തൊഴുത്ത് ഗ്രീന്‍ നെറ്റ് കൊണ്ട് മറക്കണം. ലോഹാഭാഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
 

Tags