തെങ്ങിന് വളമിടുമ്പോള്‍ ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ
coconut fertilizing

ജൂണിലെ കാലവര്‍ഷത്തിലും സെപ്റ്റംബറിലെ തുലാവര്‍ഷത്തിലും രണ്ടു തവണകളായിട്ടാണ് വളം ഇടേണ്ടത്. വേരുകളുടെ അഗ്രഭാഗത്ത് മാത്രമേ പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള സൗകര്യമുള്ളൂ. ഇത്തരം വേരറ്റങ്ങള്‍ ധാരാളമായി കാണുന്നത് തെങ്ങിന്‍ചുവട്ടില്‍നിന്നും ഏതാണ്ട് രണ്ടുമീറ്റര്‍ (ആറ് അടി) അകലത്തില്‍ ഒന്നരയടി വീതിയുള്ള ഭാഗത്ത് മാത്രമാണ്. ഇവിടെയാണ് വളങ്ങള്‍ വിതറിയിടേണ്ടത്.

തെങ്ങിനുവേണ്ട മുഖ്യപോഷകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍പികെ) എന്നിവ യഥാക്രമം 1:1:2: എന്ന അനുപാതത്തില്‍ വേണം നല്‍കാന്‍. അതായത്, നൈട്രജന്റെ ഇരട്ടിയോളം പൊട്ടാഷ് വളത്തില്‍ ഉണ്ടാകണം. യൂറിയയിലും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിലും 100 ഗ്രാം വളത്തില്‍ യഥാക്രമം 46 ഗ്രാമും 50 ഗ്രാമും നൈട്രജനും പൊട്ടാഷും അടങ്ങിയിട്ടുണ്ട്.

ഫോസ്ഫേറ്റ് വളങ്ങളില്‍ ശരാശരി 18-20 ശതമാനം ഫോസ്ഫറസേ ഉണ്ടാകൂ. മാര്‍ക്കറ്റില്‍ കിട്ടുന്ന കോക്കനട്ട് മിക്‌സറില്‍ 8:8:16 എന്നെഴുതിയിട്ടുള്ളത് ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. പക്ഷേ, മിക്‌സറിന്റെ വിലയുടെ നാലില്‍ ഒന്ന് മതിയാകും നേര്‍വളങ്ങള്‍ ഉപയോഗിച്ചാല്‍ എന്ന കാര്യം പലരും ഓര്‍ക്കാറില്ല! കേരളത്തിലെ ശരാശരി തേങ്ങയുത്പാദനം ആണ്ടില്‍ ഒരു തെങ്ങില്‍ നിന്ന് 30 തേങ്ങ മാത്രമാണ്. അതേസമയം, 200-300 തേങ്ങ തരുന്ന സൂപ്പര്‍ പാമുകള്‍ ചിലപ്പോള്‍ കണ്ടുവെന്നും വരാം.
 

Share this story