ചീര എങ്ങനെ കൃഷി ചെയ്യണം?

google news
fgf

ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ചീര കൃഷി നമ്മുക്ക് ചെയ്താലോ 


ഇനങ്ങള്‍

ചുവന്ന നിറത്തിലുള്ള ഇലകള്‍ ഉള്ള, പല തവണ മുറിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന ഇനമാണ് അരുണ്‍. കണ്ണാറ ലോക്കല്‍, കൃഷ്ണശ്രീ എന്നിവയാണ് മറ്റു ചുവന്ന ഇനങ്ങള്‍
തഴച്ചുവളരുന്ന പച്ചനിറത്തിലുള്ള ഇലകളുള്ള ഇനമാണ് സി ഒ 1. സി ഒ 2, സി ഒ 3, മോഹിനി എന്നിവയും പച്ചനിറത്തിലുള്ള ഇനങ്ങളാണ്. ചുവപ്പും പച്ചയും കലര്‍ന്ന ഇനമാണ് രേണു ശ്രീ.
കനത്ത മഴക്കാലത്തൊഴിച്ച് ബാക്കി എല്ലാ സമയങ്ങളിലും ചീര കൃഷി ചെയ്യാം. നേരിട്ട് വിത്ത് പാകിയോ തൈകളുണ്ടാക്കിയോ ചീര വളര്‍ത്താം. ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 5 ഗ്രാം വിത്ത് ആണ് വേണ്ടത്. വിത്തിനൊപ്പം മഞ്ഞള്‍പൊടി കലര്‍ത്തി പാകണം. നാലില പ്രായത്തില്‍ പറിച്ചുനടാം.
നടേണ്ടത് എങ്ങനെ?
ചാലുകളില്‍ ആണ് ചീര നടേണ്ടത്. 30 സെന്റീമീറ്റര്‍ വീതിയാണ് ചാലുകള്‍ക്ക് വേണ്ടത്. ചാലുകള്‍ തമ്മില്‍ 30 സെന്റീമീറ്റര്‍ അകലം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. ചാലുകളില്‍ ഒരടി ഇടവിട്ട് തൈകള്‍ നടാം.
തൈകള്‍ നടുന്നതിനു മുന്‍പ് സ്യൂഡോമോണാസ് ഫ്‌ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ 20 മിനിറ്റ് മുക്കി വയ്ക്കുന്നത് നല്ലതാണ്.
വളപ്രയോഗം
അടിവളമായി ഒരു സെന്റിന് 10 കിലോ കാലിവളം നല്‍കണം. ചാണകപ്പൊടി, എല്ലുപൊടി, കടല പിണ്ണാക്ക്, ചാരം എന്നിവ ഒരേ അനുപാതത്തില്‍ ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ ചീരത്തടത്തില്‍ വിതറുന്നത് നല്ലതാണ്. ഇതല്ലെങ്കില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച വെര്‍മിവാഷോ ഗോമൂത്രമോ മേല്‍വളമായി ചേര്‍ക്കാം. ഒരു കിലോഗ്രാം ചാണകസ്ലറി 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചുവട്ടില്‍ തളിക്കുന്നതും നല്ലതാണ്. ഇതുമല്ലെങ്കില്‍ കടല പിണ്ണാക്ക് ഒരു കിലോഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ആഴ്ചതോറും സ്‌പ്രേ ചെയ്യാം. പകരം ഒരു സെന്റിന് നാലു കിലോഗ്രാം എന്ന രീതിയില്‍ വെര്‍മി കമ്പോസ്റ്റ് ചേര്‍ക്കുന്നതും നല്ലതാണ്.
ചീര വിളവെടുത്ത ശേഷം ചാണക സ്ലറിയോ വെര്‍മിവാഷോ ഗോമൂത്രമോ നേര്‍പ്പിച്ച് ചെടികളില്‍ തളിക്കുന്നത് അടുത്ത തവണയും നല്ല വിളവ് നല്‍കാന്‍ സഹായിക്കും. ചീരത്തടങ്ങളില്‍ പച്ചിലകൊണ്ടോ ചകിരി ചോറ് കൊണ്ടോ പുതയിടുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് കൃത്യമായ ഇടവേളകളില്‍ ജലസേചനം നല്‍കാന്‍ ശ്രദ്ധിക്കണം. കളകള്‍ കൃത്യമായി പറിച്ചു നീക്കുകയും വേണം.
രോഗകീടനിയന്ത്രണം

ഇലപ്പുള്ളി രോഗം തടയുന്നതിനായി പച്ച ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി കൃഷിചെയ്യാം. ഇലകളുടെ മുകളില്‍ നനക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്യൂഡോമോണാസ് ഫ്‌ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൈകളിലും ചെടികളിലും രണ്ടാഴ്ചത്തെ ഇടവേളകളില്‍ തളിക്കുന്നത് ഈ രോഗം വരാതിരിക്കാന്‍ ഫലപ്രദമാണ്. ഈ ലായനി ചെടികളുടെ ചുവട്ടിലും ഒഴിക്കണം. ഇല തുരുമ്പ് രോഗം തടയുന്നതിനായി ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ചെടികളുടെ ചുവട്ടില്‍ ഇടണം. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നതും രോഗം വരാതിരിക്കാന്‍ സഹായിക്കും. കൂടുകെട്ടി പുഴുക്കളെ നിയന്ത്രിക്കാനായി ഗോമൂത്രം കാന്താരി മുളക് മിശ്രിതം തളിക്കാം.

Tags