ഒളിമ്ബിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ
ടോക്കിയോ: ഒളിമ്ബിക്സ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീം സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം.41 വർഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്ബിക്സ് ഹോക്കി സെമിയിൽ കടക്കുന്നത്. 1980-ലെ മോസ്കോ ഒളിമ്ബിക്സിലാണ് ഇന്ത്യ അവസാനമായി സെമിയിലെത്തിയത്.
ഇന്ത്യൻ ജഴ്സിയിൽ 50-ാം മത്സരത്തിന് ഇറങ്ങിയ ദിൽപ്രീത് സിംഗ് (7), ഗുർജന്ത് സിംഗ് (16), ഹാർദിക് സിംഗ് (57) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്.മലയാളിയായ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിൻറെ തകർപ്പൻ സേവുകളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയായത്. ബെൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.