പത്താം ക്ലാസ്സ് വിദ്യാർത്ഥിനി പ്രസവിച്ചു: ഗർഭിണിയാക്കിയത് സ്വന്തം പിതാവ്: പീഡിപ്പിച്ച അയൽവാസിക്ക് 40 വർഷം തടവുശിക്ഷ
കൽപ്പറ്റ: പതിനഞ്ചുകാരി ഗർഭിണിയായി പ്രസവിച്ച കേസിൽ പിതാവിനെതിരെ കോടതിയുടെ വിചാരണ തുടങ്ങാനിരിക്കെ അയൽവാസിയും പീഡിപ്പിച്ചതായി കണ്ടെത്തൽ. പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 56 കാരന് കോടതി 40 വർഷവും തടവും വിവിധ വകുപ്പുകളിലായി ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എസ്.എസ്.എൽ.സി. വിദ്യാർത്ഥിനിയായ പെൺകുട്ടി 2023 ഒക്ടോബർ 12നാണ് മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചു പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ 56 കാരൻ കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി.
പെൺകുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് തൻറെ പിതാവും പലവട്ടം ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന് മൊഴി നൽകിയത് .പോലീസിന്റെ തുടരന്വേഷണത്തിൽ 15 കാരിയുടെ കുട്ടിയുടെ പിതാവ് സ്വന്തം പിതാവ് തന്നെയാണന്ന് വ്യക്തമായി. ഇതേ തുടർന്ന് 56കാരന് പിന്നാലെ പെൺകുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അടുത്തയാഴ്ച വിചാരണ തുടങ്ങും. ഇതിനിടെയാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അയൽവാസിയുടെ വിചാരണ പൂർത്തിയാക്കി കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്.
Also read: സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജി വെച്ചു
56 കാരനായ പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും എത്രയും വേഗം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി വയനാട് ജില്ലാ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ജഡ്ജി കെ എ ആന്റണി ഷെൽമാൻ പ്രതിയായ 56കാരനെ കുറ്റക്കാരൻ ആണെന്ന് കണ്ടു ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിൽ ആയി 40 വർഷവും ആറുമാസവും തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി നൽകിയിട്ടുള്ളത്. പെൺകുട്ടിയുടെ വീട്ടിൽ വച്ച് തൊട്ടടുത്ത വീടിൻറെ പിറകുവശത്ത് വച്ചും പ്രതിയുടെ വീട്ടിൽ വച്ചും പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ് പടിഞ്ഞാറത്തറ എസ് എച്ച് ആയിരുന്ന ആർ ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.
എസ്.ഐ. ജോണി ലിഗറി, അസിസ്റ്റൻ്റ് എസ്.സി.പി.ഒ.മാരായ അനസ് ഉമ്മത്തൂർ, ഗീത, സി.പി.ഒ. ശ്യാമിലി, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത പ്രോസിക്യൂഷന് വേണ്ടി ഹാജരായി.സിവിൽ പോലീസ് ഓഫീസർ കെ.കെ. റമീന പ്രോസിക്യൂഷനെ സഹായിച്ചു.