പയ്യന്നൂരിലെ സി.പി.എം പ്രദേശികപ്രതിസന്ധി തുടരുന്നു: ജില്ലാ നേതൃത്വം നടത്തിയ അനുരഞ്ജന ചർച്ച ഫലം കണ്ടില്ല

പയ്യന്നൂരിലെ സി.പി.എം ബ്രാഞ്ചുകളിൽ ഉടലെടുത്ത വിഭാഗീയത പരിഹരിക്കാനുള്ള ജില്ലാ നേതൃത്വത്തിൻ്റെ ശ്രമം ശക്തമാക്കി. ഇതിൻ്റെ ഭാഗമായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന ബ്രാഞ്ചുകളുടെ സെക്രട്ടറിമാരുമായി ചർച്ച നടത്തി.
 

പയ്യന്നൂർ: പയ്യന്നൂരിലെ സി.പി.എം ബ്രാഞ്ചുകളിൽ ഉടലെടുത്ത വിഭാഗീയത പരിഹരിക്കാനുള്ള ജില്ലാ നേതൃത്വത്തിൻ്റെ ശ്രമം ശക്തമാക്കി. ഇതിൻ്റെ ഭാഗമായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന ബ്രാഞ്ചുകളുടെ സെക്രട്ടറിമാരുമായി ചർച്ച നടത്തി. എന്നാൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നവർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് സംസാരിച്ചത്. ഇതുകാരണം ജില്ലാ നേതൃത്വം നടത്തിവരുന്ന അനുരജ്ഞന ചർച്ചകൾ രണ്ടാം ഘട്ടവും പാളി.

കഴിഞ്ഞ പുതുവൽസരാഘോഷത്തിനിടെയാണ് ഇവിടെ പ്രശ്നങ്ങളുണ്ടായത്. മറ്റൊരു പ്രദേശത്തെ സി.പി.എം - ഡി.വൈഎഫ്ഐ പ്രവർത്തകർ സി.പി.എം. നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ കാരയിലെത്തി പ്രദേശവാസികളായ സി.പി.എം കാർക്കെതിരെ തന്നെ അക്രമമഴിച്ചുവിടുകയായിരുന്നു. ഈ സംഭവത്തിൽ
കാര നോർത്ത്, കാര സൗത്ത്, കാരവെസ്റ്റ് ബ്രാഞ്ചുകളിലെ പാർട്ടി മെമ്പർമാരും അനുഭാവികളും ഒപ്പിട്ട പരാതി പാർട്ടി നേതൃത്വത്തിന് നൽകിയിരുന്നു. എന്നാൽ ഇതു ഗൗനിക്കാതെ നേതൃത്വം അക്രമികളോടൊപ്പമാണ് നിന്നതെന്നാണ് പരാതി.

Also read: ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര വകുപ്പ്, ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ പിടിവാശി തിരിച്ചടിയാകുന്നു, സിപിഎമ്മിന്റെ അടിവേരിളക്കിയെന്ന് അണികള്‍

ഇതേ തുടർന്നാണ് മെമ്പർമാർ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഇതേ നിലപാടിൽ തന്നെയാണ് അനുഭാവികളും അവരുടെ കുടുംബക്കാരും. ഇതേ തുടർന്ന് കാര ഭാഗത്ത് പാർട്ടിയുടെ പ്രവർത്തനം തന്നെ കഴിഞ്ഞ എട്ടു മാസമായി നിലച്ചിരിക്കയാണ്. എന്നാൽ കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പാർട്ടിക്കായി രംഗത്തിറങ്ങാൻ ഇവർ തയ്യാറാവുകയും ചെയ്തിരുന്നു.

പുതുവർഷാഘോഷ വേളയിൽ അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 3 മുന്നുമണിവരെ പുറത്തു നിന്നെത്തിയ അക്രമികൾ മാരകായുധങ്ങളുമായി എത്തി കൊലവിളി ഉയർത്തിയിട്ടും അവരെ സംരക്ഷിക്കുന്ന പാർട്ടി നിലപാടിനോട് യോജിക്കാനാവില്ലെന്നും അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഇപ്പോൾ വിട്ടു നിൽക്കുന്ന പ്രവർത്തകരുടെ ആവശ്യം. ഈക്കാര്യം പയ്യന്നൂർ എം.എൽഎയുടെ മുന്നിലുമെത്തിച്ചിട്ടും അദ്ദേഹവും തങ്ങളെ കയ്യൊഴിയുകയായിരുന്നുവെന്ന പരിഭവം മെമ്പർമാർക്കുണ്ട്.