ഗര്‍ഭിണിയായിരിക്കെ വയറ്റില്‍ ചവിട്ടി, മുടിയില്‍ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു, മുകഷിന്റെ ക്രൂരമായ വിനോദങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗിക ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഫേസ്ബുക്കില്‍ സ്ത്രീകളുടെ വിമര്‍ശനം തുടരുന്നു. സിനിമയിലെ സ്ത്രീകളെ മാത്രമല്ല ആദ്യഭാര്യ സരിതയേയും മുകേഷ് ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നത് നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയായിരിക്കെ വീണാ ജോര്‍ജിന് സരിത നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും മുകേഷിനെ വിമര്‍ശിച്ചു.
മുകേഷ് രാജിവെക്കണമെന്നും ക്രൂരമായ ആക്രമണമാണ് സരിതയ്‌ക്കെതിരെ നടത്തിയതെന്നും ദീപയുടെ പോസ്റ്റില്‍ പറയുന്നു. ഗര്‍ഭിണിയായിരിക്കെ വയറ്റില്‍ തൊഴിച്ചതും മദ്യപിച്ചെത്തി മുടിയില്‍ പിടിച്ച് നിലത്തിഴച്ചതുമെല്ലാം സരിതയുടെ അഭിമുഖത്തിലുണ്ട്. മുകേഷിന്റെ ഗാര്‍ഹിക പീഡനത്തിന്റെ ചെറിയൊരുഭാഗം മാത്രമാണിതെന്നും സ്ത്രീകള്‍ക്കെതിരായ മുകേഷിന്റെ നിലപാട് എന്നും ഇങ്ങിനെയായിരുന്നു എന്നുമാണ് ദീപാ നിശാന്തിന്റെ ആരോപണം.
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ത്യാവിഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് മുഖാമുഖം എന്ന പരിപാടിയില്‍ മുകേഷിന്റെ ആദ്യഭാര്യ സരിതയുമായി നടത്തിയ സംഭാഷണമാണ്...മൂന്നാലു വര്‍ഷം മുന്‍പാണ് സരിതയുടെ ഈ അഭിമുഖം ശ്രദ്ധയില്‍പ്പെട്ടത്.. (ലിങ്ക് കമന്റ് ബോക്‌സിലുണ്ട്)പൊള്ളിപ്പിക്കുന്ന വാക്കുകളാണ്.. കേള്‍ക്കണം..
സിനിമകളില്‍ നമ്മെ പൊട്ടിച്ചിരിപ്പിച്ച നടന്‍ വീട്ടില്‍ ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകള്‍ ഇതിലുണ്ട്... ഒരു പരിമിതവൃത്തത്തിനപ്പുറം ആരും ചര്‍ച്ച ചെയ്തില്ല.. അയാള്‍ക്ക് ഒന്നും നഷ്ടപ്പെട്ടതുമില്ല..
പ്രധാനഭാഗങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്തിടുന്നു.
(ചില ഭാഗങ്ങള്‍ മലയാളത്തിലേക്കാക്കിയിട്ടുണ്ട്)
'ഞാനനുഭവിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍ നാണക്കേടായിരുന്നു.. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു..ഞാന്‍ സിനിമയിലഭിനയിച്ചിട്ടുണ്ട്.. സിനിമയില്‍ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്.. ജീവിതത്തില്‍ അതെല്ലാം സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു.. മാധ്യമങ്ങളില്‍ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ട് വിളിക്കുമ്പോള്‍ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു.. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാന്‍.. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാന്‍ ഓണത്തിനൊക്കെ ഞങ്ങള്‍ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും.. ഈ കുടുംബപ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു.... '
'എന്തുകൊണ്ടു പോലീസില്‍ പരാതിപ്പെട്ടില്ല?' എന്ന ചോദ്യത്തിന് സരിത കൊടുക്കുന്ന മറുപടി ഇങ്ങനെ:
'അത് ഞാന്‍ അദ്ദേഹത്തിന്റെ അച്ഛന് കൊടുത്ത പ്രോമിസായിരുന്നു.. എന്റെ അച്ഛന്‍ മരിച്ചതിനുശേഷം ഞാന്‍ അദ്ദേഹത്തെയാണ് അച്ഛനായി കരുതിയിരുന്നത്.. അദ്ദേഹം മരിക്കുന്നതു വരെ ഞാനാ വാഗ്ദാനം പാലിച്ചു... ഒരിക്കല്‍ അവരുടെ വീട്ടില്‍ അവരുടെ ജോലിക്കാരിയുടെ മുമ്പില്‍ വെച്ച് (മുകേഷ് ) എന്നെ ഒരുപാട് ഉപദ്രവിച്ചപ്പോള്‍ അതിനു ശേഷം ഞാന്‍ ആ വീട്ടിലേക്കുള്ള പോക്കു നിര്‍ത്തിയിരുന്നു. പക്ഷേ ഒരിക്കല്‍ ടാക്‌സ് കാര്യങ്ങള്‍ക്കായി ഞാന്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ അച്ഛന്‍ എന്നെ കൊണ്ടുപോകാനായി വന്നു.. എയര്‍പോര്‍ട്ടില്‍ വെച്ച് അച്ഛനെന്നോടു പറഞ്ഞു 'വീട്ടിലേക്കു പോകാ'മെന്ന്.. ഞാന്‍ പറഞ്ഞു: 'ഇല്ലച്ഛാ .. പങ്കജില്‍ റൂമെടുത്തിട്ടുണ്ട്..ഞാന്‍ വരുന്നില്ല.. 'എന്ന് .അദ്ദേഹം ഡ്രൈവറുടെ മുന്നില്‍ വെച്ച് ഒന്നും സംസാരിക്കാതെ എന്റെ കൂടെ മുറിയിലേക്കു വന്നു.. എന്നിട്ട് അവിടെ വെച്ച് എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു കൊണ്ട്,: 'നീ കടന്നു പോകുന്നത് എന്തിലൂടെയൊക്കെയാണെന്ന് എനിക്കറിയാം.. എന്റെ മോന്‍ ശരിയല്ലെന്നും എനിക്കറിയാം... പക്ഷേ ഇതു മീഡിയയിലൊന്നും വരരുത്. മോള് സഹിക്ക്.' എന്നൊക്കെ പറഞ്ഞു.. ആ പ്രോമിസ് ഇന്നുവരെ ഞാന്‍ കാത്തു. ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ എന്റെ നിശ്ശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു... ആര്‍ക്കുമറിയില്ലായിരുന്നു എന്താണ് സംഭവിച്ചതെന്ന്..
Also Read: - സിനിമയിലെ സൂപ്പര്‍താരവും ഫേസ്ബുക്കിലെ പുലിയും പേടിച്ച് മാളത്തിലൊളിച്ചോ? താര സംഘടനയ്ക്ക് ഇത് നാണക്കേട്
മക്കളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും അദ്ദേഹത്തിനില്ലായിരുന്നു... ഒരു കടമകളും അദ്ദേഹം ചെയ്തില്ല..അഞ്ചു വയസ്സുള്ള മകന് ജോണ്ടിസ് വന്ന് വിളിച്ചപ്പോള്‍ 'നീ ഞാനെവിടെയാണെന്ന് ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണോ?' എന്നാണ് അദ്ദേഹം ചോദിച്ചത്.. ഒറ്റക്ക് ആ സന്ദര്‍ഭങ്ങളെ അതിജീവിക്കുക അത്ര എളുപ്പമല്ലായിരുന്നു.. എനിക്ക് മറ്റാരുമില്ലായിരുന്നു..
ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരിക്കല്‍ അദ്ദേഹമെന്റെ വയറ്റില്‍ ചവിട്ടിയപ്പോള്‍ ഞാന്‍ മുറ്റത്തേക്കു വീണു.. വീണപ്പോള്‍ ഞാന്‍ കരഞ്ഞു.. അത്തരം സന്ദര്‍ഭങ്ങളില്‍ 'ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ... കരഞ്ഞോ ' എന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു.. ഒരിക്കല്‍ ഞാന്‍ നിറഗര്‍ഭിണിയായിരിക്കെ ഒമ്പതാം മാസത്തില്‍ ഞങ്ങളൊന്നിച്ച് പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറില്‍ കയറാനായി ഞാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു. ഞാന്‍ കാറിനു പിറകെ ഓടി താഴെ വീണു.. ഞാന്‍ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീര്‍ അദ്ദേഹത്തെ കാട്ടാതിരിക്കാന്‍ ശ്രമിച്ചു.. കരയുന്നത് കണ്ടാല്‍ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു..
ഒരിക്കല്‍ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോള്‍ 'എന്താണ് വൈകിയത് ' എന്നൊരു ചോദ്യം തീര്‍ത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാന്‍ ചോദിച്ചതിന് അദ്ദേഹമെന്റെ മുടിയില്‍ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു.. മര്‍ദ്ദിച്ചു.... '
Also Reade:- മുകേഷ് സ്ത്രീലമ്പടനും മദ്യപാനിയുമെന്ന് സരിത, രണ്ട് വിവാഹവും പരാജയം, ഇപ്പോള്‍ ലൈംഗിക ആരോപണവും
പിന്നെയും ഒരുപാടു കാര്യങ്ങള്‍ സരിത പറയുന്നുണ്ട്... തന്റെ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും മദോന്മാദത്തില്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്ന ഭര്‍ത്താവിനെപ്പറ്റി... കോടതിയില്‍ തന്നെ വേദനിപ്പിക്കുകയും കുട്ടികളെ വേര്‍പിരിക്കുകയും ചെയ്യണമെന്ന ഒറ്റ ലക്ഷ്യത്തോടെ കുട്ടികളിലൊരാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്ത ഭര്‍ത്താവിനെപ്പറ്റി.... അയാളില്‍ അസൂയാലുവായ ഒരു വ്യക്തി കൂടി വളരുന്നതറിഞ്ഞ് തനിക്ക് ലഭിക്കുന്ന അവാര്‍ഡുകളെപ്പറ്റിയോ തേടി വന്ന മികവുറ്റ അവസരങ്ങളെപ്പറ്റിയോ പറയാതെ മറച്ചുവെച്ച് അയാളെ സന്തോഷിപ്പിക്കാനായി തനിക്കുള്ളതെല്ലാം കൊടുത്ത് പുത്തന്‍കാറുകളും ഫ്‌ലാറ്റും വാങ്ങി നല്‍കുന്ന വിഡ്ഢിയായ ഒരു പെണ്ണിനെക്കൂടി ഈ അഭിമുഖത്തില്‍ നമുക്കു കാണാം....
കാണണം... ചില കാര്യങ്ങള്‍ പറയേണ്ട സമയത്തു തന്നെ പറയണം.. ഇടതുപക്ഷമാണെന്ന അഭിമാനബോധത്തോടെ തന്നെയാണ് പറയുന്നത്.. നാഴികയ്ക്കു നാല്‍പ്പതു വട്ടം നാടക പാരമ്പര്യവും കുടുംബ പാരമ്പര്യവും രാഷ്ട്രീയപാരമ്പര്യവും പറഞ്ഞ് നടക്കുന്ന അയാളെപ്പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത് ...