മുകേഷിനെ സിപിഎം രാജിവെപ്പിക്കാത്തതിന് കാരണം പേടി, കൊല്ലത്ത് ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ തോല്‍വി ഉറപ്പെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്, മണ്ഡലത്തിലെ കണക്കുകള്‍ ഇതാ

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം മലയാള സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലുകളില്‍ മുഖംനഷ്ടപ്പെട്ട നടനും എംഎല്‍യെയുമായ മുകേഷിന്റെ രാജിക്കായി സമ്മര്‍ദ്ദം ഏറുകയാണ്.
 

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം മലയാള സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലുകളില്‍ മുഖംനഷ്ടപ്പെട്ട നടനും എംഎല്‍യെയുമായ മുകേഷിന്റെ രാജിക്കായി സമ്മര്‍ദ്ദം ഏറുകയാണ്. തുടര്‍ച്ചയായി രണ്ടുതവണ കൊല്ലത്തുനിന്നും നിയമസഭയിലെത്തിയ മുകേഷിനെതിരായ ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. സിപിഐ ഇതിനകം തന്നെ മുകേഷ് രാജിവെക്കണമെന്ന ആവശ്യം ഉന്നയിക്കുകകൂടി ചെയ്തതോടെ എല്‍ഡിഎഫിലും അഭിപ്രായഭിന്നത ഏറുകയാണ്.

Also Read :- പൃഥ്വിരാജ് ദിലീപിന്റെ നോട്ടപ്പുള്ളി, താരസംഘടനയുടെ പ്രസിഡന്റാകാന്‍ അനുവദിക്കില്ല, പണി തുടങ്ങി

മുകേഷിന്റെ രാജി ആവശ്യം സിപിഎം തള്ളിക്കളഞ്ഞിട്ടുണ്ട്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ബലാത്സംഗക്കേസില്‍ കുറ്റപത്രം നല്‍കിയിട്ടും രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎം നിലപാട്. മാത്രമല്ല, കേവലം ആരോപണം മാത്രമാണിതെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. പോലീസ് അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ രാജിവെക്കട്ടെ എന്നാണ് സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

മുകേഷ് രാജിവെക്കണമെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ അനൗദ്യോഗിക നിലപാട്. വനിതാ നേതാക്കള്‍ ഇതിനകം തന്നെ മുകേഷ് രാജിവെക്കുന്നതാണ് ഉചിതമെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. സംസ്ഥാനത്തെ വനിതാ നേതാക്കള്‍ക്ക് മറിച്ചാണ് അഭിപ്രായമെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read: - വേണോ ഇത്തരം ന്യൂജെന്‍ വിവാഹങ്ങള്‍, ഇനി ഈ കല്യാണങ്ങള്‍ക്ക് പങ്കെടുക്കില്ലെന്നും മുരളി തുമ്മാരുകുടി

സിപിഎം മുകേഷിനെ രാജിവെപ്പിക്കാത്തിന് പ്രധാനകാരണം കൊല്ലത്ത് ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ തോല്‍ക്കുമെന്ന ഭയമാണ്. കഴിഞ്ഞ ചില ഉപതെരഞ്ഞെടുപ്പുകളിലെ വമ്പന്‍ തോല്‍വിയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന വോട്ടുചോര്‍ച്ചയും അലട്ടുന്ന സിപിഎമ്മിന് സ്ത്രീ വിഷയത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ ജയിക്കുക എളുപ്പമല്ല. പ്രത്യേകിച്ചും കൊല്ലം മണ്ഡലത്തില്‍ എംഎല്‍എയുടെ പ്രവര്‍ത്തനത്തിന് നേരത്തെതന്നെ വിമര്‍ശനമുണ്ട്.

കൊല്ലം നിയമസഭാ മണ്ഡലം ഇടതുമുന്നണിയുടെ കോട്ടയായാണ് അറിയപ്പെടുന്നത്. നേരത്തെ ആര്‍എസ്പി തുടര്‍ച്ചയായി ജയിച്ചുവന്നിരുന്ന ഇവിടെ 2006 മുതല്‍ സിപിഎമ്മിനെ കൈവിട്ടിട്ടില്ല. പികെ ഗുരുദാസന്‍ 2006ലും 2011ലും ഇവിടെ ജയിച്ചു. 2016ലും 2021ലും മുകേഷിനേയും മണ്ഡലം കൈവട്ടില്ല. എന്നാല്‍, വിജയമാര്‍ജിനില്‍ വന്‍ ഇടിവ് സംഭവിച്ചതായി കാണാം. മുകേഷ് 2016ല്‍ 17,000ത്തില്‍ അധികം വോട്ടുകള്‍ക്ക് ജയിച്ച ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2,072 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. എതിരാളിയായ ബിന്ദു കൃഷ്ണ മികച്ച മത്സരം കാഴ്ചവെച്ചു.

Also Read:-  2017 വരെ മലയാള സിനിമയെ നിയന്ത്രിച്ചത് ദിലീപ് അടങ്ങിയ പവർ ഗ്രൂപ്പ്; ഇവരുടെ ഇടപെടലിൽ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി; നടി ആക്രമിക്കപ്പെട്ട ശേഷവും ഇടപെടലുണ്ടായി..

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മുകേഷ് ആയിരുന്നു സ്ഥാനാര്‍ത്ഥിയെങ്കിലും സ്വന്തം മണ്ഡലത്തില്‍ പോലും കാര്യമായ ചലനമുണ്ടാക്കാനായില്ല. മുകേഷ് രാജിവെച്ച് ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ പാര്‍ട്ടിക്ക് തോല്‍വിയുണ്ടാകുമെന്ന് ഇതിനകം ആഭ്യന്തര അന്വേഷണസംഘം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. കൊല്ലത്ത് ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുകയും കരുത്തുറ്റ തട്ടകത്തില്‍ തോല്‍ക്കുകയും ചെയ്താല്‍ അത് സിപിഎമ്മിന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാകും.

ഇക്കാര്യം മുന്നില്‍ക്കണ്ടാണ് മുകേഷിന്റെ രാജി ആവശ്യം സിപിഎം തള്ളുന്നത്. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ തോറ്റാലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാന്‍ അവസരമുണ്ടെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ഉപതെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ 2026ലെ തോല്‍വി കനത്തതാകുമെന്നും 5 വര്‍ഷത്തേക്ക് മണ്ഡലം നഷ്ടപ്പെടുമെന്നുമാണ് ഇവരുടെ വാദം. എന്തുതന്നെയായാലും വരും ദിവസങ്ങളിലെ പാര്‍ട്ടിയുടെ നിലപാട് കൊല്ലത്ത് നിര്‍ണായകമാകുമെന്നതില്‍ സംശയമില്ല.