ലോറി പിടിച്ചിട്ട് 40 ദിവസം; ആത്മഹത്യ ഭീഷണിയുമായി വില്ലേജ് ഓഫിസറുടെ വീടിന് മുന്നില്‍ ടിപ്പര്‍ ഉടമയും ഭാര്യയും

 

കഠിനംകുളം (തിരുവനന്തപുരം): മണ്ണ് കൊണ്ടുപോകുന്നതിനിടെ 40 ദിവസം മുമ്ബ് പിടിയിലായ ടിപ്പര്‍ ലോറി വിട്ടുകിട്ടാത്തതില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫിസറുടെ വീടിന് മുന്നില്‍ ആത്മഹത്യ ഭീഷണിയുമായി ടിപ്പര്‍ ഉടമയും ഭാര്യയും. കല്ലറ കുറ്റിമൂട് സ്വദേശി ഷൈജുവാണ് കഠിനംകുളം വില്ലേജ് ഓഫിസര്‍ മേരി സുജയുടെ വീടിന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്.

ശനിയാഴ്ച രാത്രി ഏഴരയോടെ ഭാര്യയുമായി വില്ലേജ് ഓഫിസര്‍ താമസിക്കുന്ന പുത്തന്‍തോപ്പിലുള്ള വീട്ടിലെത്തിയ ഷൈജു ബഹളം ഉണ്ടാക്കുകയും താന്‍ ഇവിടെ വച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് പറയുകയും ചെയ്തു. ഉടന്‍ തന്നെ കഠിനംകുളം സിഐ അന്‍സാരി സംഭവസ്ഥലത്തെത്തി. ജൂണ്‍ 22ന് മണ്ണുമായി പോകവെ ഷൈജുവിന്റെ ടിപ്പര്‍ ലോറി കഠിനംകുളം വില്ലേജ് ഓഫിസറുടെ നിര്‍ദേശപ്രകാരം പൊലീസ് പിടികൂടിയിരുന്നു. ദേശീയപാതയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മണ്ണ് മറ്റൊരു സ്ഥലത്ത് കൊണ്ട് പോകുന്നതിനിടെയാണ് പിടികൂടുന്നത്. എന്നാല്‍, മതിയായ രേഖകള്‍ ഉണ്ടായിട്ടും ടിപ്പര്‍ വിട്ടുനല്‍കുവാന്‍ വില്ലേജ് ഓഫിസര്‍ തയ്യാറായില്ലെന്ന് ഷൈജു പറയുന്നു.

തുടര്‍ന്ന് ഷൈജു കോടതിയെ സമീപിച്ചു. എന്നാല്‍, കൂടുതല്‍ സമയം ആവശ്യപ്പെട്ട് വില്ലേജ് ഓഫിസര്‍ കോടതിക്ക് കത്ത് നല്‍കിയത്രെ. 45 ഓളം ദിവസമായി തന്റെ വാഹനം കിടന്ന് നശിക്കുന്നുവെന്നും ജീവിക്കാന്‍ മറ്റു വഴികളില്ലാത്തതിനാല്‍ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്നും ഷൈജു പറഞ്ഞു.

The post ലോറി പിടിച്ചിട്ട് 40 ദിവസം; ആത്മഹത്യ ഭീഷണിയുമായി വില്ലേജ് ഓഫിസറുടെ വീടിന് മുന്നില്‍ ടിപ്പര്‍ ഉടമയും ഭാര്യയും first appeared on Keralaonlinenews.