യൂത്ത് ജെൻ സി കോൺക്ലേവ് സംഘടിപ്പിക്കും:മന്ത്രി ബിന്ദു കൃഷ്ണ
കോളേജ് വിദ്യാർഥിനികളെയും തിരഞ്ഞെടുക്കപ്പെട്ട യുവജന നേതാക്കളെയും ഉൾപ്പെടുത്തി പ്രത്യേക 'യൂത്ത് ജെൻ സി കോൺക്ലേവ്' സംഘടിപ്പിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. യുവതലമുറയുടെ സജീവ
കോളേജ് വിദ്യാർഥിനികളെയും തിരഞ്ഞെടുക്കപ്പെട്ട യുവജന നേതാക്കളെയും ഉൾപ്പെടുത്തി പ്രത്യേക 'യൂത്ത് ജെൻ സി കോൺക്ലേവ്' സംഘടിപ്പിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. യുവതലമുറയുടെ സജീവ പങ്കാളിത്തത്തോടെ ക്യാമ്പസുകളിലും സമൂഹത്തിലും ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കേരളത്തിന്റെ വനിതാ നയം മാർച്ച് എട്ടിന് പ്രഖ്യാപിക്കുമെന്നും ഹെർ സമ്മിറ്റ് 2026 ന്റെ സമാപനത്തിൽ തുടർ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി.
വനിതാനയം രൂപീകരണത്തിനു മുന്നോടിയായി സമൂഹത്തിന്റെ അടിത്തട്ടിലെ കാവൽക്കാരായ അംഗൻവാടി, ആശ, ഹരിതകർമ്മ സേന അംഗങ്ങളെ കേൾക്കും. പോലീസ്, അഭിഭാഷകർ, ജഡ്ജിമാർ എന്നിവരിൽനിന്നും നിയമപരമായ പിന്തുണയും വേഗത്തിലുള്ള നീതിയും ഉറപ്പാക്കാൻ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി അതത് പ്രദേശങ്ങളിൽ പ്രാദേശിക ജാഗ്രതാസമിതികളുടെ പ്രവർത്തനം ഊർജിതമാക്കും. പൊതുജനങ്ങൾക്കും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുന്നതിനായി ഒരു പ്രത്യേക ഇമെയിൽ വിലാസം ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു. നയരൂപീകരണത്തിലും ഭാവി പ്രവർത്തനങ്ങൾ അന്തിമമാക്കുന്നതിലും പൊതുജനങ്ങൾക്ക് makalkkoppam@gmail.com എന്ന ഇമെയിൽ മുഖാന്തരം പങ്കാളികളാകാം.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള പിന്തുണ ഉണ്ടാകണമെന്നും ഹെർ സമ്മിറ്റ് ഉച്ചകോടിയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ സമൂഹത്തിൽ വലിയൊരു മാറ്റത്തിന് തിരിതെളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൊഴിൽ, സാമ്പത്തിക ശാക്തീകരണം, സംരംഭകത്വം; രാഷ്ട്രീയ പ്രാതിനിധ്യം, നേതൃത്വം, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ; വിദ്യാഭ്യാസം, ലിംഗനീതി, ആരോഗ്യം, മാനസികക്ഷേമം; സ്ത്രീസുരക്ഷ, നിയമപരമായ പിന്തുണ, നീതിന്യായം; വനിതകൾക്കുള്ള സൈബർ സുരക്ഷ എന്നീ ആശയരേഖകളെ അടിസ്ഥാനമാക്കിയാണ് അഞ്ചു സെഷനുകളിലായി ഗ്രൂപ്പ് ചർച്ച നടന്നത്.
സമാപന ചടങ്ങിൽ ജെബി മേത്തർ എം.പി, എംഎൽഎമാരായ രമ്യ ഹരിദാസ്, വിദ്യാ ബാലകൃഷ്ണൻ, ഉഷവിജയൻ, വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ്, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.