ഇടുക്കി ജില്ലയിലെ വന്യമൃഗശല്യം: ഉന്നതതല യോഗം ചേര്‍ന്നു

 

ഇടുക്കി : ജില്ലയില്‍ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിന് ജില്ലയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം മെയ് 25 ന് വ്യാഴാഴ്ച ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്നു. അപകടകാരികളായ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് തടയുന്നതിന് ഫെന്‍സിങ്, ട്രെഞ്ചിങ്, ഹാംഗിങ് ഫെന്‍സ് തുടങ്ങിയവ സ്ഥാപിക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചതായി സിസിഎഫ്  അരുണ്‍ ആര്‍. എസ് അറിയിച്ചു.

വന്യമൃഗശല്യം മൂലം ജില്ല നേരിടുന്ന ഗുരുതര സാഹചര്യം പരിഗണിച്ച് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു ആവശ്യപ്പെട്ടു. ഇതിനായി സര്‍ക്കാര്‍ സഹായത്തോടെ ദീര്‍ഘകാല, ഹൃസ്വകാല പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ഇടുക്കി പാക്കേജില്‍ 10 കോടി രൂപ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും മോണിട്ടറിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വനംവകുപ്പിന്റെയും സഹകരണത്തോടെ സാധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സിസിഎഫ് അരുണ്‍ ആര്‍ എസ്, ഡി ഫ് ഒ മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.