പി. നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധ പരാമർശം പിൻവലിച്ച് മാപ്പ് പറയണം: വെൽഫെയർ പാർട്ടി

മലപ്പുറം ജില്ലയെ “മതമൗലിക വർഗീയവാദികളുടെ കൂട്” എന്ന് വിശേഷിപ്പിച്ച സി.പി.ഐ(എം) മുതിർന്ന നേതാവും മുൻ പൊന്നാനി എം.എൽ.എയുമായ പി. നന്ദകുമാറിന്റെ പരാമർശം അതീവ ഗൗരവതരവും പ്രതിഷേധാർഹവുമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

 


മലപ്പുറം: മലപ്പുറം ജില്ലയെ “മതമൗലിക വർഗീയവാദികളുടെ കൂട്” എന്ന് വിശേഷിപ്പിച്ച സി.പി.ഐ(എം) മുതിർന്ന നേതാവും മുൻ പൊന്നാനി എം.എൽ.എയുമായ പി. നന്ദകുമാറിന്റെ പരാമർശം അതീവ ഗൗരവതരവും പ്രതിഷേധാർഹവുമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ എതിരാളികളെ വിമർശിക്കുന്നതിന് പകരം ഒരു ജില്ലയെയും അവിടുത്തെ മുഴുവൻ ജനസമൂഹത്തെയും മതമൗലികവാദികളായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ വിമർശനത്തിന്റെ പരിധി ലംഘിക്കുന്നതും മലപ്പുറത്തിന്റെ സാമൂഹിക യാഥാർഥ്യങ്ങളെ അപമാനിക്കുന്നതുമാണ്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത്തരം പരാമർശമുണ്ടായതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ 16 സീറ്റുകളിലും ഇടതുപക്ഷത്തിനുണ്ടായ പരാജയം രാഷ്ട്രീയമായി വിലയിരുത്തി ജനവിശ്വാസം വീണ്ടെടുക്കുന്നതിന് പകരം, ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാർ മുന്നോട്ടുവെക്കുന്ന വംശീയ രാഷ്ട്രീയത്തിന് പരോക്ഷമായി അടിത്തറയൊരുക്കുകയാണ് സി.പി.ഐ(എം) ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി വിമർശിച്ചു. വംശീയ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ജനവിധി ഉൾക്കൊള്ളുന്നതിൽ സി.പി.ഐ(എം) നേതൃത്വം പരാജയപ്പെടുകയും ജനങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യുന്ന സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. അണികളെ തൃപ്തിപ്പെടുത്തുന്നതിനായി നടത്തുന്ന ഇത്തരം പരാമർശങ്ങൾ രാഷ്ട്രീയ സംവാദത്തിന്റെ നിലവാരത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

മലപ്പുറത്തെയും ന്യൂനപക്ഷ രാഷ്ട്രീയത്തെയും ലക്ഷ്യമിട്ടുള്ള സി.പി.ഐ(എം) നേതാക്കളുടെ ഇത്തരം പരാമർശങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഗെയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് എ. വിജയരാഘവൻ നടത്തിയ പരാമർശം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന, മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ടതായി വിമർശിക്കപ്പെട്ട മന്ത്രി സജി ചെറിയാന്റെ പരാമർശം എന്നിവയെല്ലാം ചേർത്തുവായിക്കുമ്പോൾ സി.പി.ഐ(എം) നേതാക്കളുടെ രാഷ്ട്രീയ ഭാഷയെ ഗൗരവമായി പരിശോധിക്കേണ്ട സാഹചര്യമാണുള്ളത്.

2025-ൽ വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമർശങ്ങളെ വിമർശിച്ച സി.പി.ഐ(എം) ജില്ലാ നേതൃത്വം, ഇപ്പോൾ സ്വന്തം പാർട്ടി നേതാവിന്റെ സമാനമായ പരാമർശത്തിൽ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കണം. മലപ്പുറത്തെ മതമൗലികവാദികളുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്ന ഇത്തരം പൊതുവൽക്കരണങ്ങൾ സാമൂഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

മലപ്പുറം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടെയോ സ്വകാര്യ ഭൂമിയല്ല. വ്യത്യസ്ത മത-രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലങ്ങളിലുള്ള ജനങ്ങൾ സഹവർത്തിത്വത്തോടെ ജീവിക്കുന്ന നാടാണ്. അതിനാൽ മലപ്പുറത്തെ അപമാനിക്കുന്ന പരാമർശം പി. നന്ദകുമാർ അടിയന്തരമായി പിൻവലിച്ച് ജില്ലയിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം. വിഷയത്തിൽ സി.പി.ഐ(എം) സംസ്ഥാന നേതൃത്വം ഔദ്യോഗിക നിലപാട് വ്യക്തമാക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.