ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണം- ഫാ. ജോസ് മേലാട്ട്കൊച്ചയിൽ

മനുഷ്യർ തമ്മിലുള്ള അകലങ്ങൾ ഇല്ലാതാക്കി ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണമെന്ന് ലിസ കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് മേലാട്ട്കൊച്ചയിൽ പറഞ്ഞു

 

കല്പറ്റ: മനുഷ്യർ തമ്മിലുള്ള അകലങ്ങൾ ഇല്ലാതാക്കി ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണമെന്ന് ലിസ കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് മേലാട്ട്കൊച്ചയിൽ പറഞ്ഞു. വയനാട് പ്രസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷത്തിൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മനുഷ്യത്വമുണ്ടാവണം. പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ നമോരോരുത്തർക്കും കഴിയണം.

നമ്മുടെ ഉള്ളിൽ വെളിച്ചമുണ്ടെങ്കിലേ അതിന് സാധിക്കുകയുള്ളു. വാളയാറിലെ ആൾക്കൂട്ട കൊലപാതകം പോലുള്ള സംഭവങ്ങൾ ഖേദകരമാണ്. മനുഷ്യന്റെ ഉള്ളിൽ  വെളിച്ചമില്ല  ഇരുട്ടാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. ഐക്യത്തോടെ ജീവിക്കുന്ന നാടിനെ ഇതു ബാധിക്കും. മോശമായി വിലയിരുത്തപ്പെടും.

ഇത്തരം സംഭവങ്ങൾ ആവര്ത്തിക്കാൻ പാടില്ല. നമ്മൾ നിശബ്ദരായിരിക്കാനും പാടില്ല. സത്യങ്ങൾ വിളിച്ചുപറയാനുള്ള ആർജവം നമുക്കുണ്ടാവണം. മനുഷ്യത്വത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് നമ്മൾ നന്മയുടെ നക്ഷത്രങ്ങളാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. ഡോ. എ.പി.ജെ പബ്ലിക് സ്കൂൾ ചെയർമാൻ ഷാജി ചെറിയാൻ മുഖ്യാതിഥിയായി. പ്രസ്ക്ലബ്ബ് സെക്രട്ടറി ജോമോൻ ജോസഫ് സംസാരിച്ചു.