വയനാട്  ടൗൺഷിപ്പ്: ദുരന്തബാധിതർക്കുള്ള ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനം

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ഉപജീവന ബത്ത നിലവിൽ നൽകുന്നതുപോലെ തന്നെ മൂന്ന് മാസത്തേക്ക് കൂടി തുടരാൻ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി

 

വയനാട് : ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ഉപജീവന ബത്ത നിലവിൽ നൽകുന്നതുപോലെ തന്നെ മൂന്ന് മാസത്തേക്ക് കൂടി തുടരാൻ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി എന്നിവരുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ദുരന്തബാധിതർക്ക് നിലവിൽ സ്വന്തമായി വരുമാനമാർഗ്ഗം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണിത്. പുനരധിവാസ പദ്ധതികളുടെ പൂർണ്ണമായ അവലോകനവും പ്രവർത്തനങ്ങൾ ഏത് ഘട്ടത്തിലാണ് എന്നതിനെക്കുറിച്ചുള്ള വിലയിരുത്തലും യോഗത്തിൽ നടത്തി. റവന്യൂ മന്ത്രിയുമായുള്ള യോഗം അടുത്ത മാസം ഒന്നാം തീയതി നടക്കും.

ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിലവിലെ തൊഴിലാളികളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി.
മുൻപ് 2300ലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാനത്ത് നിലവിൽ തൊള്ളായിരത്തോളം പേർ മാത്രമാണ് ജോലി ചെയ്യുന്നത്. കൂടുതൽ തൊഴിലാളികളെ കൊണ്ടുവന്ന് ജോലി വേഗത്തിലാക്കാൻ ഊരാളുങ്കലിന് കർശന നിർദ്ദേശം നൽകി. 

ദുരന്തത്തിലുൾപ്പെട്ട 13 ഗോത്രവർഗ കുടുംബങ്ങളുടെ പുനരധിവാസത്തിന് ടൗൺഷിപ്പ് മാതൃകയിലുള്ള വീടുകൾ നിർമ്മിച്ച് നൽകാനായിരുന്നു സർക്കാരിന്റെ മുൻ തീരുമാനം. എന്നാൽ ആദിവാസി ഗോത്ര സമൂഹം ആവശ്യപ്പെടുന്ന, അവരുടെ താല്പര്യപ്രകാരമുള്ള ഡിസൈനിലേക്ക് നിർമ്മാണം മാറ്റാൻ യോഗത്തിൽ തീരുമാനമായി. മഴക്കാലത്ത് ടൗൺഷിപ്പിന്റെ ഭാഗങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ അടിയന്തര സൗകര്യങ്ങൾ ഒരുക്കാൻ ഊരാളുങ്കലിന് നിർദേശം നൽകി.

സാസ്കി പദ്ധതിയുടെ മുഴുവൻ പ്രോജക്ടുകളും പ്രത്യേകം അവലോകനം ചെയ്യാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
പുനരധിവാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കുന്നതിന് ഒരു സമയബന്ധിത മിഷൻ രൂപീകരിക്കാനും മന്ത്രിമാർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. പുന്നപ്പുഴ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാനും പ്രത്യേക നിർദ്ദേശം നൽകി. സാമ്പത്തിക സഹായ നടപടികളുടെ തൽസ്ഥിതി, പുന്ന പുഴയുടെ ഒഴുക്ക് സംബന്ധിച്ച കാര്യങ്ങൾ, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന മൈക്രോ പ്ലാൻ, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം ഉൾപ്പെടെയുള്ള വകുപ്പുകളുടെ നിലവിലെ പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തി.

കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഊരാളുങ്കൽ- നിർമിതി കേന്ദ്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.