വയനാട് ജില്ലയില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തുകള്‍ക്ക് നിരോധനം: ജില്ലാ കളക്ടര്‍

 

വയനാട് : ജില്ലയില്‍ ഒറ്റതവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.  ജില്ലയില്‍ രൂപപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, ജലാശയങ്ങള്‍, വനപ്രദേശം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മലിനമാക്കുന്നത് തടയുകയാണ് ലക്ഷ്യം. ജനുവരി 26 മുതല്‍ ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനകളുടെ സംയുക്ത സഹകരണത്തോടെ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുകളുടെ  നിരോധനം ഏര്‍പ്പെടുത്തുന്നത്. ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗങ്ങളുടെ പരിശോധന ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ ശക്തമായ നിരീക്ഷണം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.  

ഒറ്റതവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധിക്കുമ്പോള്‍ ചാക്ക്, തുണി സഞ്ചി, പേപ്പര്‍ ബാഗ്, ബയോ കമ്പോസ്റ്റിങ് ക്യാരി ബാഗുകള്‍, സ്റ്റീല്‍, പുനരുപയോഗിക്കാന്‍ സാധിക്കുന്ന സ്‌ട്രോ, സ്പൂണ്‍, സ്റ്റീല്‍ പ്ലേറ്റുകള്‍, വാഴയില, വാട്ടര്‍ കിയോസ്‌ക്കുകള്‍, ബ്രാന്‍ഡഡ് വൗച്ചറുകള്‍, ജ്യൂസ് കുപ്പികള്‍, പോളി എത്തിലീന്‍, തുണികള്‍ എന്നിവ പകരമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് കൊണ്ടുള്ള മിഠായി സ്റ്റിക്ക്, ഇയര്‍ ബഡ്‌സ്, ഐസ്‌ക്രീം സ്റ്റിക്ക്, പ്ലാസ്റ്റിക് സ്റ്റിക്കുള്ള ബലൂണുകള്‍, പ്ലാസ്റ്റിക് കവറിങ്ങോടെയുള്ള മിഠായി ബോക്‌സുകള്‍, ക്ഷണക്കത്തുകള്‍ സിഗരറ്റ് ബോക്‌സ് എന്നിവയും നിരോധിക്കും. വയനാട് ജില്ല കര്‍ണ്ണാടക-തമിഴ്‌നാട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും കൂടുതല്‍ വിനോദ സഞ്ചാരികള്‍ ജില്ലയിലെത്തുന്നതിനാലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതലാണ്. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രധാന റോഡ് വശങ്ങളിലും രൂപപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലായ്മ ചെയ്യുകയാണ് പ്ലാസ്റ്റിക് വിമുക്ത ജില്ലയിലൂടെ ലക്ഷ്യമാക്കുന്നത്.

 വിനോദസഞ്ചാര കേന്ദ്രങ്ങളെ ശുചിത്വ മികവിലെത്തിക്കുന്നതിലൂടെ സമ്പൂര്‍ണ്ണ ടൂറിസ- ഹരിത ടൂറിസം കേന്ദ്രങ്ങളായി സംരക്ഷിക്കാനും ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നുണ്ട്. ഒറ്റത്തവണ പ്ലാസ്റ്റിക്  വസ്തുക്കള്‍ നിരോധിക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുണ്ടക്കൈ -ചൂരല്‍മല മേഖലയില്‍ നിന്നും സ്വയംതൊഴില്‍ പരിശീലനം ലഭിച്ച വനിതകള്‍ നിര്‍മ്മിക്കുന്ന തുണി സഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍ സ്ഥാപനങ്ങളിലേക്ക് വാങ്ങാവുന്നതാണ്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ ബി. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.