വയനാട്ടിൽ മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി പിടികൂടി പോലീസ്.
വയനാട് : മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി പിടികൂടി പോലീസ്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ പുറക്കാടി, നെല്ലിച്ചോട്, പുത്തന്‍വീട്ടില്‍ വീട്ടില്‍, പി. സരുണ്‍(24)നെയാണ് 15.01.2026 തീയ്യതി ഏഴാംചിറയില്‍ വെച്ച് മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് കുമാറും സംഘവും പിടികൂടിയത്.
രണ്ടാഴ്ച മുമ്പ് മീനങ്ങാടി സ്‌റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ മോഷ്ടിച്ച് ബൈക്കുമായി ഏഴാംചിറയില്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ മോഷണശ്രമവുമായെത്തിയപ്പോഴാണ് പിടിവീണത്. ബൈക്ക് മോഷണം, വിവിധ സ്ഥാപനങ്ങളില്‍ അതിക്രമിച്ചു കയറി മോഷണം തുടങ്ങിയ കേസുകള്‍ക്ക് കേണിച്ചിറ, മീനങ്ങാടി, കമ്പളക്കാട്, പനമരം, മേപ്പാടി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കേണിച്ചിറ സ്‌റ്റേഷനിലെ മോഷണവുമായി ബന്ധപ്പെട്ട് കേണിച്ചിറ പോലീസിന് പ്രതിയെ കൈമാറി.
02.01.2026 തിയ്യതി പുലര്‍ച്ചെ പൂതാടി, പുഴക്കലിലുള്ള 'ഡെയ്സി സ്റ്റോര്‍' എന്ന കടയില്‍ അതിക്രമിച്ചു കയറിയ കേസിലാണ് സരുണിനെ കേണിച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തത്. കടയുടെ ഷട്ടറിന്റെ പൂട്ട് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് കടയുടെ ഉള്ളില്‍ കയറി മേശയുടെ ഉണ്ടായിരുന്ന 20,000 രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. വൈത്തിരിയില്‍ നിന്ന് അപ്പാച്ചെ ആര്‍.ടി.ആര്‍ ബൈക്ക് മോഷണം നടത്തിയ ശേഷം ഈ ബൈക്കുമായി എത്തിയാണ് മോഷണം നടത്തിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു. എസ്.ഐ സനല്‍, എസ്.സി.പി.ഒമാരായ സുരേഷ്, വരുണ്‍, ഷൈജു, രജീഷ്, സി.പി.ഒമാരായ അജിത്ത്, മോഹന്‍ദാസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.