സംസ്ഥാനത്തേക്കുള്ള ലഹരികടത്തിലെ പ്രധാന കണ്ണി പോലീസിന്റെ പിടിയില്‍
തിരുനെല്ലി: കർണാടകയിൽ നിന്നും സംസ്ഥാനത്തിലേക്കുള്ള ലഹരികടത്തിലെ പ്രധാന കണ്ണി പോലീസിന്റെ പിടിയില്‍. 30 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെയാണ് കഞ്ചാവുമായി പിടികൂടിയത്. കര്‍ണാടക സ്വദേശി ബൈരക്കുപ്പ, സന്തോഷ്(38)നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ഓപ്പറേഷന്‍ ആഗിന്റെയും ഡി ഹണ്ടിന്റെയും ഭാഗമായി 31.08.2024 തീയതി രാവിലെ ബാവലിയില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 10 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കെ.എ. 09 എം.എച്ച് 9373 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.
2019-ല്‍ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ 30 കിലോയിലധികം കഞ്ചാവുമായി വാഹനത്തിൽ വരവേ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് വാഹനം ഉപേക്ഷിച്ച് പ്രതി ഓടിപ്പോവുകയായിരുന്നു. എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഇയാള്‍ക്കതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ എക്‌സൈസിന് കൈമാറി. കോടതിയില്‍ ഹാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.