ആചാരാനുഷ്ടാനങ്ങൾ ജനത്തെ കഷ്ടപ്പെടുത്തുന്നുവെന്ന ആധി മതപ്പാടുകളിൽ നിറഞ്ഞു നിൽക്കുന്നു 

 

കൽപ്പറ്റ: ആചാരാനുഷ്ടാനങ്ങളുടെ പേരിൽ ജനങ്ങളെ എങ്ങിനെയെല്ലാം കഷ്ടപ്പെടുത്തുന്നുവെന്ന ആധി മതപ്പാടുകൾ എന്ന പുസ്തകത്തിൽ ഉടനീളം  നിറഞ്ഞു നിൽക്കുന്നുവെന്നു കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം സംഘടിപ്പിച്ച 178-ാം പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. അരുൺ എഴുത്തച്ഛൻ എഴുതി നിധി ബുക്സ് പ്രസിദ്ധീകരിച്ച മതപ്പാടുകൾ എം.പി. വീരേന്ദ്രകുമാർ ഹാളിൽ മുട്ടിൽ ഗ്രാമപ്പഞ്ചായത്തംഗം കെ.എ. കുഞ്ഞമ്മദ് കുട്ടി അവതരിപ്പിച്ചു. 

 ആദ്യ കൃതിയായ വിശുദ്ധ പാപങ്ങളിൽ ദേവദാസി സമ്പ്രദായങ്ങളുടെ ഇരകളെ സംബന്ധിച്ച അന്വേഷണമാണ് അരുൺ നടത്തിയത്. വിശ്വാസത്തിന്റെ പേരിൽ ദരിദ്രരും നിരക്ഷരരുമായ പാവങ്ങളെ, വിശേഷിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതി എല്ലാ സമൂഹങ്ങളിലും പ്രദേശങ്ങളിലും ഇന്നും നിലനിൽക്കുന്നു.  ശവം തിന്നുന്ന മനുഷ്യരെയും മുത്തലാഖിന്റെയും നാഡീ ജ്യോതിഷത്തിന്റെയും ഇരകളെയും  അരുൺ നമുക്കു പരിചയപ്പെടുത്തിത്തരുന്നു. 

 നിരന്തര യാത്രകളിലൂടെയാണ് അരുൺ വിവിധ സംസ്ഥാനങ്ങളിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരിചയപ്പെടുത്തുന്നത്.          അഡ്വ. എസ്.എ. നസീർ മോഡറേറ്ററായ ചർച്ചയിൽ അരുൺ എഴുത്തച്ഛനും പങ്കെടുത്തു. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ക്ഷാമമില്ലാത്ത നാടായി കേരളവും മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.  ഇതിനെതിരായ ചെറുത്തു നിൽപ്പ്‌ എന്നെന്നും നിലനിർത്തണം. വർഗീയതയെ രാഷ്ട്രീയക്കാർ മുതലാക്കുകയാണ്. വർഗീയതയെ താലോലിക്കാനാണ് ജനങ്ങൾക്കും താൽപ്പര്യം. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് മതങ്ങളെ ഉപയോഗിക്കുകയാണ്- അരുൺ പറഞ്ഞു.  

സി.കെ. കുഞ്ഞിക്കൃഷ്ണൻ, എം. ഗംഗാധരൻ, താജ് മൻസൂർ, സജോൺ, സൂപ്പി പള്ളിയാൽ, പി.പി. പവിത്രൻ, ടി.വി. രവീന്ദ്രൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. ഇ. ശേഖരൻ, സി. അബ്ദുൾ സലാം, ഐ. ഉഷ, വി.കെ. സജികുമാർ, ജ്യോതിഷ് പോൾ എന്നിവർ നേതൃത്വം നൽകി.      180-ാം പുസ്തക ചർച്ച ഫിബ്രവരി പത്തിനു മൂന്നു മണിക്ക് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടക്കും. സുധാ മേനോൻ എഴുതി ഡി.സി. ബുക്സ് പ്രസിദ്ധീരിച്ച ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ താജ് മൻസൂർ അവതരിപ്പിക്കും.