പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; വയനാട് ജില്ലയിൽ 52,175 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായുള്ള തുള്ളി മരുന്ന് വിതരണം ജൂൺ 28ന് നടക്കും. അഞ്ച് വയസ്സു വരെയുള്ള കുട്ടികൾക്ക് അന്നേദിവസം പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും.
വയനാട് : ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായുള്ള തുള്ളി മരുന്ന് വിതരണം ജൂൺ 28ന് നടക്കും. അഞ്ച് വയസ്സു വരെയുള്ള കുട്ടികൾക്ക് അന്നേദിവസം പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 28ന് രാവിലെ ഒമ്പതിന് പ്രിയങ്കാ ഗാന്ധി എം.പി പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിൽ നിർവ്വഹിക്കും. ജില്ലയിൽ 52,175 കുട്ടികൾക്ക് അന്നേ ദിവസം പൾസ് പോളിയോ തുള്ളിമരുന്ന് നൽകും. ഇതിനായി 561 പൾസ് പോളിയോ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലുമുള്ള 523 ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നകുന്നതിന് ബസ് സ്റ്റാന്റ്, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 23 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ തുള്ളിമരുന്ന് നൽകുന്നതിനായി 15 മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഏതെങ്കിലും കാരണവശാൽ പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് ജൂൺ 29, 30 തിയതികളിൽ വീടുകളിലെത്തി വാക്‌സിൻ നൽകും. പ്രത്യേക പരിശീലനം ലഭിച്ച ആശ പ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്നാണ് വിതരണം നടത്തുക. പോളിയോ രോഗാണുവിനെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സാമൂഹിക പങ്കാളിത്ത പരിപാടിയായ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ അഞ്ച് വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുബശ്രീ മിഷൻ, സാക്ഷരതാ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി ഇന്റർനാഷണൽ, ലയേൺസ്, ഇതര സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക. 2014-ൽ ഇന്ത്യയെ പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ചില അയൽരാജ്യങ്ങളിൽ ഇപ്പോഴും പോളിയോ വൈറസിന്റെ സാന്നിധ്യം നിലനിൽക്കുന്നതിനാൽ നമ്മുടെ കുട്ടികൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ വർഷവും പൾസ് പോളിയോ തുടരുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ എല്ലാ സ്ഥലങ്ങളിലും പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.