വയനാട് ഉരുൾപൊട്ടലിൽ രോഗികളായവർക്കും പരിക്കേറ്റവർക്കും കൈത്താങ്ങാകാൻ മുസ്ലീംലീഗ്

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ പരിക്ക് പറ്റിയവര്‍ക്കും, രോഗികള്‍ക്കും കൈതാങ്ങായി മുസ്‌ലിം ലീഗ്. നൂറ് കണക്കിന് ആളുകളുടെ ജീവനെടുത്ത മലവെളളപാച്ചിലിലും ശക്തമായ കുത്തൊഴുക്കില്‍ നിന്നും രക്ഷപ്പെട്ടു പരിക്ക് പറ്റിയവര്‍ക്കുമാണ് ഇനി മുസ്‌ലിംലീഗ് സഹായവുമായി എത്തുന്നതെന്ന് മുസ്‌ലിംലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ പരിക്ക് പറ്റിയവര്‍ക്കും, രോഗികള്‍ക്കും കൈതാങ്ങായി മുസ്‌ലിം ലീഗ്. നൂറ് കണക്കിന് ആളുകളുടെ ജീവനെടുത്ത മലവെളളപാച്ചിലിലും ശക്തമായ കുത്തൊഴുക്കില്‍ നിന്നും രക്ഷപ്പെട്ടു പരിക്ക് പറ്റിയവര്‍ക്കുമാണ് ഇനി മുസ്‌ലിംലീഗ് സഹായവുമായി എത്തുന്നതെന്ന് മുസ്‌ലിംലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗികളുമായി വീട്ടില്‍ കഴിയുന്ന 125ലധികം ആളുകള്‍ക്ക് തുടര്‍ ചികിത്സ സഹായും, കിടപ്പ് രോഗികള്‍ക്ക് പരിചരണവും, സൗജന്യമായി മരുന്നു നല്‍കുന്ന  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍  പ്രവര്‍ത്തിക്കുന്ന സി.പി ബാവഹാജി ചെയര്‍മാനും, ഡോ. എം. എ അമീര്‍അലി കണ്‍വിനറുമായ പൂക്കോയ തങ്ങള്‍ ഹോസ്പീസ് ആന്റ് പാലിയേറ്റീവ് കെയറിന്റെ (പി.ടി.എച്ച്) നേതൃത്വത്തിലാണ്‌ .

നാളെ രാവിലെ 8.30ന് മലബാറിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പി.ടി.എച്ചിന്റ 34 യൂണിറ്റുകള്‍ ഡോക്ടര്‍, നഴ്‌സ്, വളണ്ടിയര്‍ അടങ്ങുന്ന 170 പേര്‍ 34 വാഹനങ്ങളിലായി മുട്ടില്‍ ഡബ്ല്യു.എം.ഒ  ഗ്രൗണ്ടില്‍ നിന്നും രോഗികളെ സന്ദര്‍ശിക്കുന്നതിനും പരിചരിക്കുന്നതിനും വീടുകളിലേക്ക് പുറപ്പെടും. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി എം എ സലാം ഫ്‌ളാഗ്ഓഫ് ചെയ്ത് പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. 

ചടങ്ങില്‍ ടി.സിദ്ധിഖ് എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ബാബു, മറ്റ് ജനപ്രതിനിധികള്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ കല്ലായി, സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടി, ഭാരവാഹികളായ ഡോ. എം.എ അമിറലി, വി.എം ഉമ്മര്‍ മാസറ്റര്‍,  പൊട്ടന്‍കണ്ടി അബ്ദുളള, ജയന്തി രാജന്‍, ഉപസമിതി അംഗങ്ങളായി പി.കെ ഫിറോസ്,പി. ഇസ്മയില്‍, ജിഷാന്‍  എന്നിവര്‍ സംബന്ധിക്കും.

രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ  ഉരുള്‍പൊട്ടലില്‍ നാശം വിതച്ച്,  സര്‍വ്വതും നഷ്ടപ്പെട്ട ജനങ്ങളെ ചേര്‍ത്ത് പിടിക്കുകയും ദുരന്തമുഖത്ത് നാടൊന്നിച്ച് കൈകോര്‍ത്ത് നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിം ലീഗ് കാഴ്ച്ച വെച്ചത്. നൂറ് കണക്കിന് വൈറ്റ്ഗാര്‍ഡും പാര്‍ട്ടി പ്രവര്‍ത്തകരും, രക്ഷാപ്രവര്‍ത്തത്തിലും, ബോഡി മറവ് ചെയ്യുന്നതിലും പങ്കാളികളായി. ൂറിലധികം ആംബുലന്‍സ് സര്‍വ്വീസുകളാണ് മുസ്‌ലിം ലീഗ് സൗജന്യമായി വിട്ടു നല്‍കിയത്. 

ഭക്ഷണ വിതരണവും, മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കളക്ഷന്‍ സെന്റര്‍ വഴി രണ്ടു കോടിയിലേറെ രൂപയുടെ ഭക്ഷ്യവസ്തുക്കളും, വസ്ത്രം, ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വിതരണം ചെയ്യുകയുണ്ടായി. രണ്ടാം ഘട്ടം മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി 651 കുടുംബങ്ങള്‍ക്ക് 15000 രൂപ വീതവും, 57 കച്ചവടക്കാര്‍ക്ക് 50000 രൂപ വീതവും ജീവിതോപാധി നഷ്ടപ്പെട്ട 4 പേര്‍ക്ക് ജീപ്പും 4 പേര്‍ക്ക് ഓട്ടോറിക്ഷയും 2 പേര്‍ക്ക് സ്‌കൂട്ടിയും. വിതരണം ചെയ്തു. 

നിരവധി വിദ്യാഭ്യാസ സഹായങ്ങള്‍ക്ക് പുറമെ യു.എ.ഒ, കെ.എം.സി.സിയുടെ സഹായത്തോടെ 50 പേര്‍ക്ക് വിദേശ ജോലിയും ഉറപ്പ് വരുത്തി. ഇതിന് പുറമെ മുസ്‌ലിം ലീഗ് സംസ്ഥാന  പ്രസിഡണ്ട്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകളുടെ നിര്‍മ്മാണം സര്‍ക്കാര്‍ സ്ഥലം അനുവദിക്കുന്ന  മുറക്ക് ആരംഭിക്കുമെന്നും മുസ്‌ലിംലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് ആക്ടിംഗ്  പ്രസിഡണ്ട്  എന്‍.കെ റഷീദ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, വൈസ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, പി.ടി.എച്ച് ജില്ലാ കണ്‍വീനര്‍ സമദ് കണ്ണിയന്‍, പിയകെ അശ്‌റഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.