മുണ്ടക്കൈ-ചൂരൽമല ദുരന്തം: തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ

25 ലക്ഷം രൂപയാണ് സ്ഥലമടക്കം ഒരു വീടിന് ചിലവ് വന്നത്. രണ്ട് കിടപ്പുമുറി, ഹാള്‍, കിച്ചന്‍, രണ്ട് ബാത്ത് റൂം, സിറ്റൗട്ട് അടക്കം മുകളിലേക്ക് ഒരുനില കൂടി നിര്‍മിക്കാന്‍ സാധിക്കുന്ന രീതിയിലാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

 


കൽപ്പറ്റ: 25 ലക്ഷം രൂപയാണ് സ്ഥലമടക്കം ഒരു വീടിന് ചിലവ് വന്നത്. രണ്ട് കിടപ്പുമുറി, ഹാള്‍, കിച്ചന്‍, രണ്ട് ബാത്ത് റൂം, സിറ്റൗട്ട് അടക്കം മുകളിലേക്ക് ഒരുനില കൂടി നിര്‍മിക്കാന്‍ സാധിക്കുന്ന രീതിയിലാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഒരു വര്‍ഷമായി സഭ വാടക നല്‍കുന്ന 23 കുടുംബങ്ങളില്‍ നിന്നാണ് 14 കുടുംബങ്ങളെ തിരഞ്ഞെടുത്തത്. ഉരുള്‍ദുരന്തം അറിഞ്ഞത് മുതല്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളുമായി തിമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ വയനാട്ടിലുണ്ട്. 

സമസ്ത വയനാട് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചത്. ആദ്യഘട്ടത്തില്‍ ദുരന്തബാധിതര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കി. പിന്നാലെ വാടക വീടുകള്‍ കണ്ടെത്തി, അവിടേക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും നല്‍കി. 12 മാസത്തെ വാടകയും കുടുംബങ്ങള്‍ക്ക് നല്‍കാനും ജമാഅത്തുല്‍ ഉലമ സഭക്ക് സാധിച്ചിരുന്നു. അതിന് ശേഷമാണ് സാധിക്കുന്ന വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കാനുള്ള തീരുമാനമെടുത്തത്. 1.5 ഏക്കര്‍ സ്ഥലം ഇതിനായി വിലക്കുവാങ്ങി. അതില്‍ 14 വീടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. കിണറും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വഴിയടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങളും പ്രൊജക്ടിന്റെ ഭാഗമായി നടക്കും. വീടുകളുടെ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വഹിച്ചതും സമസ്ത പ്രസിഡന്റും ജമാഅത്തുല്‍ ഉലമ പ്രസിഡന്റും ചേര്‍ന്നായിരുന്നു. 2024 നവംബര്‍ ആറിനായിരുന്നു വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമിട്ടതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. ജെ.എസ് കണ്‍സ്ട്രക്ഷന്‍സാണ് വീടുകളുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അൻവർ ബാദ്ഷ ഉലവി,  അസിസ്റ്റന്റ് സെക്രട്ടറി ഖാജാ മുഈനുദ്ദീൻ ജമാലി, കോഡിനേറ്റർ അബ്ദുൾ അസീസ് ബാഖവി , വയനാട് ജില്ലാ കോഡിനേറ്റർ ഹാരിസ്  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.