വയനാട്  ജില്ലയുടെ  വികസനത്തിന് ജനകീയ- പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാട് വേണം: മന്ത്രി ടി. സിദ്ദീഖ്

ജില്ലയുടെ സാമൂഹിക-  സാമ്പത്തിക- ഭൂമിശാസ്ത്ര സാഹചര്യങ്ങൾ പരിഗണിച്ചുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കാൻ ജനകീയ- പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാടുകൾ ഉണ്ടാകണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ്.

 

വയനാട് : ജില്ലയുടെ സാമൂഹിക-  സാമ്പത്തിക- ഭൂമിശാസ്ത്ര സാഹചര്യങ്ങൾ പരിഗണിച്ചുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കാൻ ജനകീയ- പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാടുകൾ ഉണ്ടാകണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ്. മറ്റ് ജില്ലകളിൽ സ്വീകരിക്കുന്ന വികസന സമീപനം വയനാടിന് അനുയോജ്യമല്ലെന്നും ജില്ലയുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികളും അധിക ഫണ്ടിങ്ങും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ   സംഘടിപ്പിച്ച ജില്ലാതല യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയുടെ വികസനത്തിന് കാർഷിക-  ടൂറിസം മേഖലകളിൽ മികച്ച സാധ്യതകളുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പരിമിതികളുണ്ടെന്ന് മന്ത്രി പറഞ്ഞു. കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധനവ്, സംഭരണം, പായ്ക്കിങ്, കയറ്റുമതി തുടങ്ങിയ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. കാപ്പി ഉത്പാദന ക്ഷമത വർധിപ്പിക്കൽ, പുനർ കൃഷി വിപുലീകരണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകണം. റെയിൽ, വ്യോമ, റോഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും ബദൽ റോഡുകളുടെ വികസനത്തിനും നടപടികൾ വേണം.

ഗോത്ര വിഭാഗങ്ങൾ, തോട്ടം തൊഴിലാളികൾ, അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായ മേഖലകളിൽ താമസിക്കുന്നവർ എന്നിവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസം, നൈപുണി വികസനം, ഭവന സൗകര്യം, ശുചിത്വം തുടങ്ങിയ മേഖലകളിലെ ന്യൂനതകൾ  പരിഹരിക്കാനും പ്രത്യേക പദ്ധതികൾ ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കാർഷിക മേഖലയെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ ദുരന്തപ്രതിരോധ ശേഷിയുള്ള വികസന മാതൃകയും കാലാവസ്ഥാ സൗഹൃദ കാർഷിക സംവിധാനങ്ങളും രൂപപ്പെടുത്തണമെന്നും മന്ത്രി ശില്‌പശാലയിൽ നിർദേശിച്ചു. ജില്ലയുടെ വികസനത്തിനായുള്ള പദ്ധതി വിഹിതത്തിന് പുറമെ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടിങ്ങും ഉറപ്പാക്കണം. ഇ-മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യത്തിലേക്ക് വയനാട് മുന്നേറുകയാണെന്നും അടുത്ത ഘട്ടമായി പ്ലാസ്റ്റിക് മാലിന്യമുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

2027–32 കാലയളവിലേക്കുള്ള പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിന്റെ ഭാഗമായി ജില്ലയുടെ വികസന മുൻഗണനകൾ നിർണയിക്കുക, വിവിധ മേഖലകളിലെ സാധ്യതകൾ, പ്രശ്നങ്ങൾ, വെല്ലുവിളികൾ എന്നിവ വിലയിരുത്തുക,  സമീപനരേഖ തയ്യാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ശില്‌പശാല സംഘടിപ്പിച്ചത്. യോഗത്തിൽ എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു. എം.എൽ.എ ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി. ചെൽസാസിനി, നഗരസഭാ അധ്യക്ഷന്മാരായ പി. വിശ്വനാഥൻ, റസീന അബ്ദുൾ ഖാദർ, ജേക്കബ് സെബാസ്റ്റ്യൻ,സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ജി. വിജയരാഘവൻ, പി.പി. ബാലൻ, ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്, ജില്ലാ പ്ലാനിങ് ഓഫീസർ എം. കലാമുദ്ദീൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു,  എന്നിവർ പങ്കെടുത്തു.