കാർഷിക മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്

കാർഷിക മേഖലയെ കൂടുതൽ ആദായകരമാക്കി ഉത്പാദനം വർദ്ധിപ്പിക്കാൻ ആധുനിക സാങ്കേതികവിദ്യകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്.

 

വയനാട് : കാർഷിക മേഖലയെ കൂടുതൽ ആദായകരമാക്കി ഉത്പാദനം വർദ്ധിപ്പിക്കാൻ ആധുനിക സാങ്കേതികവിദ്യകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പുത്തൂർവയൽ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ സംഘടിപ്പിച്ച അഗ്രി ടെക്‌നോളജി മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാറിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറോളം കർഷകർക്ക് കൃഷി വകുപ്പും ഫ്യൂസിലേയ് ഫ്‌ളയിങ് സ്റ്റാർട്ടപ്പ് സംരംഭവും സംയുക്തമായി നൽകുന്ന ഡ്രോൺ പൈലറ്റിംഗ് പരിശീലനം- ലൈസൻസിങ്ങ് എന്നിവയ്ക്ക് കൃഷി മന്ത്രിയെന്ന നിലയിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

കാർഷിക ഡ്രോൺ പൈലറ്റ് പരിശീലനം കൃഷിയുടെ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവെയ്പ്പാണ്. കേരളത്തിലെ കാർഷിക മേഖലയെ കൂടുതൽ ആധുനികവും കാര്യക്ഷമവും സുസ്ഥിരവുമാക്കാൻ ഡ്രോണുകൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയും. വിളകളുടെ നിരീക്ഷണം, കൃഷിയിടങ്ങളുടെ വിലയിരുത്തൽ, സ്‌പ്രേയിങ് തുടങ്ങി നിരവധി കാർഷിക പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കാൻ സാധിക്കും. ഡ്രോൺ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ ആവശ്യമായ സാങ്കേതിക പരിജ്ഞാനം, പ്രവർത്തന നൈപുണി, സുരക്ഷാ നടപടി സംബന്ധിച്ച വിഷയങ്ങളിൽ പരിശീലനം ലഭിച്ചവരുടെ ലഭ്യത ആവശ്യമാണ്. ഇത് ലക്ഷ്യമിട്ടാണ് കാർഷിക ഡ്രോൺ പൈലറ്റ് ലൈസൻസ് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തിൽ വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, കണ്ണുർ ജില്ലകളിലെ 20 പേർക്ക് വീതം ലൈസൻസ് എടുത്തു നൽകുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതി മുഖേന പരിശീലനം ലഭിച്ച ഡ്രോൺ പൈലറ്റുമാരുടെ ലഭ്യത ഉറപ്പാക്കി ഡ്രോൺ സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമായി കർഷകരിലേക്ക് എത്തിക്കാൻ  സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തമിഴ്നാട് കമ്മം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഐ.ഐ.ടിയുടെ സഹായത്തോടെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കീടനാശിനി പ്രയോഗം കുറയ്ച്ച് വിളവ് വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തരം പ്രക്രിയ കേരളത്തിൽ നടപ്പിലാക്കും. വയനാട് ഉൾപ്പെടെയുള്ള ജില്ലകൾ നേരിടുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും നേരിടാൻ സമഗ്രമായ പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കും. കൃഷിയിടങ്ങളിൽ ലഭ്യമാക്കുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്ക് സംഭരിച്ച്  ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ കർഷകർ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി തടയണകൾ, വരമ്പുകൾ നിർമ്മിക്കുന്നതിന് സർക്കാർ ഏകോപനം നടത്തും. കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്താൻ സംസ്ഥാനത്തെ 500 സ്‌കൂളുകളിൽ കതിർ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും. അടുത്ത അധ്യയന വർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കതിർ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും.

അഗ്രോ-മെഷിനറി സർവീസ് ആൻഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് യൂണിറ്റുകൾ കൃഷിയുടെ നിർണായക ഘട്ടങ്ങളിൽ കാർഷിക യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ച് കൃഷിപ്പണികളിൽ കാലതാമസം ഉണ്ടാക്കി  ചെലവ് വർധിപ്പിച്ച്  ഉത്പാദന ക്ഷമത കുറയ്ക്കാൻ സാധ്യതയുണ്ട്. വിദൂര മേഖലകളിലെ കർഷകർക്ക് സമയബന്ധിതമായി സാങ്കേതിക സഹായം ലഭ്യമാക്കുന്നതിൽ  ബുദ്ധിമുട്ടുകൾ നേരിടുന്ന ഇത്തരം സാഹതര്യങ്ങളിൽ പരിഹാരമായാണ് മൊബൈൽ അഗ്രോ മെഷിനറി സർവീസ് യൂണിറ്റുകൾ ആരംഭിക്കുന്നത്. കർഷകരുടെ അടുക്കലേക്ക് കാർഷിക യന്ത്രങ്ങളുടെ സാങ്കേതിക സേവനങ്ങൾ എത്തിക്കുകയാണ് യൂണിറ്റുകളുടെ ലക്ഷ്യം. മൊബൈൽ അഗ്രോ മെഷിനറി സർവീസ് യൂണിറ്റുകൾ വഴി കാർഷിക യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന, പ്രതിരോധാത്മക പരിപാലനം, യന്ത്രങ്ങളുടെ തകരാറുകൾ കണ്ടെത്തി പരിഹരിക്കൽ, യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ സാങ്കേതിക മാർഗനിർദേശം, കാർഷിക യന്ത്രങ്ങളുടെ ശരിയായ പരിപാലനം തുടങ്ങീയ സേവനങ്ങൾ ലഭിക്കും. സ്മാം പദ്ധതി മുഖേന ജനറൽ, എസ്.സി, എസ്.ടി കാർഷിക ഗ്രൂപ്പുകൾക്ക് ാമ്പത്തിക സഹായവും സബ്‌സിഡിയും ഉറപ്പാക്കും. കൃഷിയന്ത്രങ്ങളുടെ അറ്റകുറ്റപ്രവർത്തികൾക്കായി മൊബൈൽ അഗ്രോ മെഷിനറി സർവീസ് ആൻഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകൾ ആരംഭിക്കും. 

കൃഷിയിടങ്ങളളിലെ വന്യമൃഗശല്യം തടയുന്നതിന് പ്രത്യേക കോൺക്ലേവ് സംഘടിപ്പിക്കും. വന്യമൃഗ ആക്രമണത്താൽ വിളനാശം സംഭവിക്കുന്ന കർഷകർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കാൻ 192 കോടി രൂപയാണ് സർക്കാർ മാറ്റിവെച്ചു. ആധുനിക സാങ്കേതികവിദ്യകൾ സ്വാംശീകരിച്ച്, കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി കൃഷി മേഖലയെ സംരക്ഷിക്കാൻ പൊതുസമൂഹം ഒന്നിച്ചുനിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാർഷിക ഡ്രോൺ പൈലറ്റ് ട്രെയിനിങ് അഗ്രോ മെഷിനറി സർവീസ് ആൻഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് മന്ത്രി നിർവഹിച്ചു. സ്മാം വനിതാ കർഷ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്മാം പദ്ധതി ഗ്രൂപ്പുകൾക്കുള്ള കാർഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ പരിപാടിയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജെ സീന, സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനീയർ ആർ ജയരാജൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ജിനി തോമസ്, വി.എൻ ശശീന്ദ്രൻ, ഗിരിജ കൃഷ്ണൻ, സൽമ മൊയിൻ, ആത്മ പ്രൊജക്ട് ഡയറക്ടർ എ.ആർ സുരേഷ്, ഡോ. നീരവ് യു ജോഷി, കർഷകർ, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക കൂട്ടായ്മ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.