കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന ബജറ്റ്: മന്ത്രി ടി.സിദ്ദിഖ്
കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. കാർഷിക മേഖലയ്ക്ക് കൈത്താങ്ങാവാൻ സർക്കാരിന്റെ പ്രഥമ ബജറ്റിന് കഴിഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വയനാട് : കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. കാർഷിക മേഖലയ്ക്ക് കൈത്താങ്ങാവാൻ സർക്കാരിന്റെ പ്രഥമ ബജറ്റിന് കഴിഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു.യുവജനങ്ങളെയും വിദ്യാർത്ഥികളെയും കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമുള്ള നടപടികൾ കേരളത്തിന്റെ കാർഷിക ഭാവിക്ക് ഗുണകരമാകും. കർഷകരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ബജറ്റ് കൂടിയാണിത്. കാർഷിക മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിൻ്റെയും ശാക്തീകരിക്കുന്നതിന്റെയും ഭാഗമായാണ് ഹരിത സഖി വനിതാ കാർഷിക വികസന പദ്ധതി പ്രഖ്യാപിച്ചത്.
യു.എന്നിന്റെ വനിതാ കർഷക വർഷത്തിന്റെ ചുവടുപിടിച്ച് രൂപീകരിച്ച പദ്ധതി അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള തുടർ പദ്ധതിയായിട്ടാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് 3.5 കോടി രൂപ പദ്ധതിക്കായി വകയിരുത്തി. വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്താൻ ആവിഷ്‌കരിച്ച കതിർ പദ്ധതിക്ക് ഒരു കോടി രൂപയാണ് വകയിരുത്തി. പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിൽ കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, വീടുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഭക്ഷ്യസുരക്ഷ യാഥാർത്ഥ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
റബ്ബറിന്റെ വിലയിടിവിൽ നിന്നും കർഷകർക്ക് ആശ്വാസമാണ് താങ്ങുവില 250 രൂപയായി വർധിപ്പിച്ചത്. കാർഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും കർഷകർക്ക് വരുമാനം ഉറപ്പാക്കാനും നടപ്പിലാക്കുന്ന കേര പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിഭവ സമാഹരണം നടത്താൻ കഴിയും. എ.ഐ അധിഷ്ഠിത സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനക്ഷമത, വിപണനത്തിന്റെ കാര്യക്ഷമമായ വിനിയോഗം, കാലാവസ്ഥാ പ്രതിരോധശേഷി എന്നിവ സാധ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സുഗന്ധവ്യഞ്ജന കൃഷിക്കായുള്ള തുക 20 കോടി രൂപയായി വർധിപ്പിച്ചതിന്റെ പ്രയോജനം ഇടുക്കി, വയനാട് ജില്ലകൾക്കുണ്ടാകും . മലയോര മേഖലയിൽ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖയിലും രണ്ടാം ഭൂ- പരിഷ്‌കരണ നയം പ്രഖ്യാപിച്ചതിലൂടെ വലിയ മുന്നേറ്റം കാർഷിക മേഖലയിൽ നടപ്പാക്കാൻ കഴിയും. ബജറ്റിൽ പ്രഖ്യാപിച്ച കേരള കാർബൺ ഫാമിങ് ആൻഡ് സോയിൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് പദ്ധതിയിലൂടെ കർഷകർക്ക് പുതിയ വരുമാന അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
നാളികേര കർഷകർക്ക് ആശ്വാസമേകുന്ന നടപടിയാണ് സർക്കാർ തലത്തിൽ പുതിയ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തീരുമാനം. സോയിൽ ഹെൽത്ത് ഡാറ്റാബേസ് വിപുലീകരിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെല്ല് സംഭരണം കാര്യക്ഷമമാക്കി അനിശ്ചിതത്വം പരിഹരിക്കുമെന്നും സംഭരണ വില കർഷകർക്ക് കൃത്യമായി ലഭിക്കുന്നതിനുള്ള ആവശ്യമായ നടപടികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.