അമ്പുകുത്തി ഭൂമി കൈമാറ്റം പൂർത്തിയായാൽ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കും : മന്ത്രി ഒ. ആർ കേളു

മാനന്തവാടിമെഡിക്കൽ കോളേജിനായി കണ്ടെത്തിയ അമ്പുകുത്തിയിലെ 28 ഏക്കർ ഭൂമി കൈമാറ്റം നടന്ന ഉടൻ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു.

 

വയനാട് : മാനന്തവാടിമെഡിക്കൽ കോളേജിനായി കണ്ടെത്തിയ അമ്പുകുത്തിയിലെ 28 ഏക്കർ ഭൂമി കൈമാറ്റം നടന്ന ഉടൻ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമായ സി.ടി സ്‌കാൻ, നവീകരിച്ച ഡയാലിസിസ് യൂണിറ്റ്, 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ, പ്രസവവിഭാഗത്തിന്റെ നവീകരണം മുതലായ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിന് പകരം ഭൂമി കൈമാറിയതായും മെഡിക്കൽ കോളേജ് അക്കാഡമിക്ക് ബ്ലോക്ക് നിർമ്മാണത്തിനായി 350 കോടി നീക്കി വച്ചതായും മന്ത്രി പറഞ്ഞു. ആധുനിക രീതിയിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി ഘട്ടം ഘട്ടമായി മെഡിക്കൽ കോളേജിന്റെ സേവനങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും മന്ത്രി അറിയിച്ചു.  അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനായി വിവിധ സർക്കാർ പദ്ധതികളിലൂടെ നിരവധി ആധുനിക ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയതായി മന്ത്രി അറിയിച്ചു.

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിലവിലുള്ള നബാർഡ് ബിൽഡിങിൽ പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം പൂർത്തീകരിച്ചു.  ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നുള്ള 43.9 ലക്ഷം രൂപ വിനിയോഗിച്ച് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കി.കാലപ്പഴക്കം മൂലം പ്രവർത്തനരഹിതമായിരുന്ന സിടി സ്‌കാൻ മെഷീന് പകരമായി നാല് കോടി രൂപ ചെലവഴിച്ച് പുതിയ അത്യാധുനിക സിടി സ്‌കാൻ മെഷീൻ സ്ഥാപിച്ചു. ഇതിലൂടെ രോഗികൾക്ക് മികച്ച നിലവാരത്തിലുള്ള പരിശോധനകൾ ആശുപത്രിയിൽ തന്നെ ലഭ്യമാകുന്ന സാഹചര്യം ഉറപ്പാക്കി. ഓർത്തോപീഡിക് ഓപ്പറേഷൻ തിയേറ്റർ കൂടുതൽ ആധുനികമാക്കുന്നതിനായി 27 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സി-ആം മെഷീൻ വാങ്ങി സ്ഥാപിച്ചു. കൂടാതെ 14 ലക്ഷം രൂപ ചെലവഴിച്ച് പുതിയ എക്‌സ്-റേ മെഷീൻ ഒ.പി ബ്ലോക്കിൽ സ്ഥാപിക്കുകയും വയനാട് പാക്കേജിൽ നിന്ന് 7 ലക്ഷം രൂപ വിനിയോഗിച്ച് അതിന്റെ അനുബന്ധ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. സൗകര്യം പൊതുജനങ്ങൾക്ക് തുറന്നു നൽകിയിട്ടുണ്ട്.വയനാട് പാക്കേജിൽ നിന്ന് ഒരു കോടി  വിനിയോഗിച്ച് സർജറി ഓപ്പറേഷൻ തിയേറ്റർ വിഭാഗത്തിലേക്ക് അത്യാധുനിക 4ഉ ലാപറോസ്‌കോപിക് സെറ്റ് വാങ്ങി. ഇതോടെ താക്കോൽ ദ്വാര ശസ്ത്രക്രിയകൾ കൂടുതൽ ആധുനിക സംവിധാനങ്ങളോടെ നടത്താൻ സാധിക്കുന്നതായി അധികൃതർ അറിയിച്ചു.

തിമിര ശസ്ത്രക്രിയ വിഭാഗത്തിനായി ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് ഫണ്ടിന്റെ സഹായത്തോടെ അത്യാധുനിക ഫാക്കോഎമൾസിഫിക്കേഷൻ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. വയനാട് പാക്കേജിന്റെ ഭാഗമായി ബ്രോങ്കോസ്‌കോപ്പി സ്യൂട്ട്, ബ്ലഡ് ബാങ്ക് റഫ്രിജറേറ്റർ, ഹോർമോൺ അനലൈസർ, ഇമ്മ്യൂണൈസർ, പോർട്ടബിൾ എക്‌സ്‌റേ മെഷീൻ എന്നിവയും വാങ്ങി പ്രവർത്തനം ആരംഭിച്ചു. ആരോഗ്യകേരളം പദ്ധതിയുടെ 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച അഡീഷണൽ ലക്ഷ്യ സ്റ്റാൻഡേർഡ് ബിൽഡിങ് ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തനം പൂർത്തിയാക്കി. ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്ററിലേക്ക് അത്യാധുനിക ലാപറോസ്‌കോപിക് സെറ്റ് വാങ്ങുന്നതിനും ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ സ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായ പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വിഎസ് മൂസ, ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. ടി രേഖ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. പി. ഡി ബെന്നി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. റഫീഖ്, പി.കെ ജയലക്ഷ്മി ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു.