നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേൺഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി.

 

വയനാട് : നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേൺഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആൻഡ് വെൽനസ് സെന്ററിലെ ഉപകരണങ്ങൾ, സഖി വുമൺ വെൽനസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സോളാർ പ്ലാന്റ് സ്വിച്ച് ഓൺ കർമ്മം, ന്യൂട്രീഷൻ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 ജനപ്രതിനിധിയെന്ന നിലയിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ചലനാത്മകമായിട്ടുള്ള ആരോഗ്യ സ്ഥാപനമാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയോട് ചേർന്നുള്ള സർക്കാർ ഭൂമി ആശുപത്രി ആവശ്യത്തിനായി ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സാങ്കേതിക വശങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെയും നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 2025-26 സാമ്പത്തിക വർഷത്തെ തുക വിനിയോഗിച്ച് കുടുംബാരാഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് 62,44,000 രൂപയുടെ ആധുനിക വൈദ്യുത ഉപകരണങ്ങളാണ് ഗവ ഇ-മാർക്കറ്റ് പ്ലേസ് പോർട്ടൽ മുഖേന ആശുപതിയിൽ ലഭ്യമാക്കിയത്.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എ.ഡി.എം കെ അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ടി. ഹംസ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അവറാൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസസിഡന്റ് എം.കെ ജയ, വൈസ് പ്രസിഡന്റ് എൻ.എ ഉസ്മാൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബെന്നി കൈനിക്കൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വി.പി ദാഹർ മുഹമ്മദ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.