പടിഞ്ഞാറത്തറയിൽ എ.ബി.സി. കേന്ദ്രം പ്രവർത്തന സജ്ജമായി തെരുവുനായ വിഷയത്തിൽ ഗ്രാമപഞ്ചായത്തുകളിൽ അതീവ ജാഗ്രത അനിവാര്യം: മന്ത്രി കെ.എം ഷാജി
പടിഞ്ഞാറത്തറ ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നാടിന് സമർപ്പിച്ചു. തെരുവുനായ വിഷയത്തിൽ ഗ്രാമപഞ്ചായത്തുകളിൽ അതീവ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഠനാവശ്യത്തിന് വീട്ടിൽ നിന്ന് ഇറങ്ങുന്ന കുട്ടികൾ വരെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
വയനാട് : പടിഞ്ഞാറത്തറ ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നാടിന് സമർപ്പിച്ചു. തെരുവുനായ വിഷയത്തിൽ ഗ്രാമപഞ്ചായത്തുകളിൽ അതീവ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഠനാവശ്യത്തിന് വീട്ടിൽ നിന്ന് ഇറങ്ങുന്ന കുട്ടികൾ വരെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന് മുന്നിലുള്ള പ്രതിസന്ധിയാണ് തെരുവുനായ ശല്യം പരിഹാരവും അവയുടെ അതിജീവനവും. വളർത്തുനായ്കളെ നിരുത്തരവാദപരമായി തെരുവിൽ കളയുന്ന രീതി സംസ്ഥാനത്ത് വ്യാപകമായുണ്ടെന്നത് സർക്കാരിന്റെ ശ്രദ്ധയിലുള്ള കാര്യമാണ്. നിലവിൽ തെരുവുനായ്ക്കളുടെ ഇരട്ടി വളർത്തു നായ്ക്കൾ കേരളത്തിലുണ്ട്. വളർത്തുനായ്ക്കൾ പ്രസവിക്കുമ്പോൾ ഉണ്ടാവുന്ന കുഞ്ഞുങ്ങളെ തെരുവുകളിൽ ഉപേക്ഷിക്കുന്ന പ്രവണതയാണുള്ളത്.
ഗ്രാമപഞ്ചായത്തുകളിൽ ഒരു ഏക്കർ സ്ഥലത്ത് ഏകദേശം ആയിരത്തിലധികം നായ്ക്കളെ പാർപ്പിക്കാൻ കഴിയും വിധത്തിൽ ഷെൽട്ടറുകൾ നിർമ്മിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അതിനായി പഞ്ചായത്തുകളുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ പ്രശ്‌നങ്ങളോട് ചേർന്നു നിൽക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ആസ്പിരേഷൻ ജില്ലാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങൾ, ജീവനക്കാർക്കുള്ള അവാർഡുകൾ, സംസ്ഥാന കുടുംബശ്രീ മിഷന്റെ ധീരം സ്വയം രക്ഷാ പരിശീലനം പദ്ധതി ഗുണഭോക്താക്കൾക്ക് ജേഴ്‌സിയും വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള സ്‌പോർട്‌സ് കിറ്റും മന്ത്രി വിതരണം ചെയ്തു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരെ പരിപാടിയിൽ ആദരിച്ചു. എ.ബി.സി സെന്ററിലെ ഓപറേഷൻ തിയേറ്റർ എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണവകുപ്പ് 97 ലക്ഷം രൂപയും മൃഗ സംരക്ഷണവകുപ്പ് 33 ലക്ഷം രൂപയും വിനിയോഗിച്ച് പൂർത്തീകരിച്ച് സെന്ററിൽ ഓപറേഷൻ തിയേറ്റർ, പ്രീ-സർജറി മുറികൾ, പോസ്റ്റ് ഓപറേറ്റീവ് ഷെൽട്ടർ, 84 കൂടുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെന്ററിലൂടെ പ്രതിമാസം 200 വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ രണ്ടാമത്തെ ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രമാണ് പടിഞ്ഞാറത്തറയിലേത്. ആദ്യഘട്ടത്തിൽ സ്‌കൂൾ പരിസരങ്ങൾ, ടൗണുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള ജനസാന്ദ്രതാ മേഖലകളിൽ നിന്നും തെരുവുനായകളെ പിടികൂടും. കേന്ദ്രത്തിലെത്തിക്കുന്ന നായകൾക്ക് വിദഗ്ധ ശസ്ത്രക്രിയ നടത്തി പരിചരണം നൽകും. തുടർന്ന് പേ വിഷ പ്രതിരോധകുത്തിവെപ്പ് നൽകി പിടികൂടിയ സ്ഥലത്ത് തിരിച്ചെത്തിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായി. ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരപത്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ കൈമാറി. ജനപ്രതിനിധികൾക്കും ജീവനക്കാർക്കുമായി 'തെരുവുനായ നിയന്ത്രണം -പ്രശ്‌നങ്ങളും പ്രായോഗിക പരിഹാര നിർദേശങ്ങളും' എന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റ് ഡയറക്ടർ ഡോ.വി ജയേഷ് സെമിനാർ അവതരിപ്പിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ. ആർ ബിനു പ്രശാന്ത് മോഡറേറ്ററായി. ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയർ വെറ്ററിനറി സർജൻ ഡോ.വി.ജെ മാനോജ്, വെറ്ററിനറി സർജൻ ഡോ. ആര്യ തെരേസ എന്നിവർ സംസാരിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരായ കെ.കെ അസ്മ, എം.ജി ബിജു, ജാസർ പാലക്കൽ, ഖമർ ലൈല, സി.വി രാജൻ, സി സി രജിത, നാസർ കാദിരി, റംല ഹംസ, സൂസി ബാബു, വി കേശവൻ, സി.പി രഞ്ജിത്ത്, എസ്.എം പ്രമോദ് മാസ്റ്റർ, അഞ്ചു ബാലൻ, ഗിരിജാ സുധാകരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജിനി തോമസ്, വി എൻ ശശീന്ദ്രൻ, ഗിരിജാ കൃഷ്ണൻ, സൽമ മോയി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി സണ്ണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി മൊയ്തീൻ ഹാജി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാലിൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കമലാ രാജൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബുഷറ വൈശ്യൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എസ് പ്രേമൻ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സാജിത നൗഷാദ്, യു.സി അമ്പിളി, ഹാരിസ് കണ്ടിയൻ, വാർഡ് അംഗം ശാന്ത ബാബു, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം രാകേഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.